മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഉലച്ചില്‍; ശിവസേനയ്ക്ക് പിറകെ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പ്രശംസിച്ച് എന്‍സിപിയും
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സഖ്യത്തില്‍ അസ്വാരസ്യം സൃഷ്ടിച്ച് എന്‍ഡിഎ മുഖ്യമന്ത്രിയെ പ്രശംസിച്ച് എന്‍സിപിയും. ഉദ്ധവ് വിഭാഗം ശിവസേനയുടെ മുഖപത്രമായ സാമ്ന കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പുകഴ്ത്തി എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഈ എഡിറ്റോറിയല്‍ സൃഷ്ടിച്ച അലയൊലികള്‍ അടങ്ങുംമുന്‍പാണ് എന്‍സിപി നേതാവ് സുപ്രിയ സുളെ രംഗത്തുവന്നത്.
“മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആദ്യ ദിവസം മുതൽ പ്രവർത്തന രീതിയിലാണ്. നക്‌സൽ ബാധിത ഗഡ്‌ചിറോളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നല്ല തുടക്കമാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കുന്നു.” സുപ്രിയ പറഞ്ഞു.ശിവസേനയുടെ മുഖപത്രമായ സാമ്നയും ഇതേ വിഷയത്തിലാണ് ഫഡ്നാവിസിനെ പുകഴ്ത്തി രംഗത്തുവന്നത്.
ബിജെപിയുടെ കടുത്ത എതിരാളികളായ ശിവസേനയില്‍ നിന്നും എന്‍സിപിയില്‍ നിന്നും വന്ന പ്രശംസ ബിജെപിയെ സന്തോഷിപ്പിക്കുകയാണ്. “കല്ലേറല്ല പൂച്ചെണ്ടുകളാണ് എതിരാളികളില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.”- ഫഡ്നാവിസിന്റെ അടുപ്പക്കാര്‍ പറയുന്നു.
എന്‍സിപി എപ്പോഴും ആക്രമങ്ങളുടെ കുന്തമുന തിരിച്ചുവച്ചത് ഫഡ്നാവിസിന് നേര്‍ക്കായിരുന്നു. മഹാവികാസ് അഘാഡിയുടെ ഭരണം തകര്‍ത്തെറിഞ്ഞ് കഴിഞ്ഞ തവണ മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഭരണം വരാന്‍ കാരണം ഫഡ്നാവിസ് എന്ന ഒരൊറ്റ ബിജെപി നേതാവായിരുന്നു. അദ്ദേഹമാണ് ശിവസേനയെ പിളര്‍ത്തി എംവിഎയെ അധികാരത്തില്‍ നിന്നും താഴെയിറക്കിയത്. ഇത് എന്‍സിപി മറന്നില്ല. അതുകൊണ്ടാണ് എന്‍സിപിയുടെ പുകഴ്ത്തല്‍ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.
“അഭിനന്ദൻ ദേവഭൗ (അഭിനന്ദനങ്ങൾ ദേവേന്ദ്ര)” എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലിലായിരുന്നു സാമ്‌നയുടെ പുകഴ്ത്തല്‍. “ഇപ്പോഴത്തെ മുഖ്യമന്ത്രി (ഫഡ്‌നാവിസ്) നക്‌സലൈറ്റ് ജില്ലയായ ഗഡ്ചിരോളിക്ക് ഒരു ഉരുക്ക് നഗരത്തിന്റെ പുതിയ ഇമേജ് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മുഖ്യമന്ത്രിയുടെ ഈ നല്ല ഉദ്യമത്തെ അഭിനന്ദിക്കണം.” എന്നാണ് എഡിറ്റോറിയല്‍ സാമ്ന എഴുതിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here