‘മന്ത്രിയാക്കണമെന്ന കത്തുമായി വീണ്ടും തോമസ് കെ തോമസ്, മനസ് തുറക്കാതെ മുഖ്യമന്ത്രി

തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്താണ് നൽകിയതെന്ന് അദ്ദേഹം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പു പ്രചരണങ്ങൾ മുറുകി വരുന്ന ഈ ഘട്ടത്തിൽത്തന്നെ സമ്മർദ്ദം പ്രയോഗിക്കാനാണ് തോമസിൻ്റെ നീക്കം. എന്നാലതിന് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാവാൻ ഒരു സാധ്യതയും കാണുന്നില്ല.

എൻസിപി എംഎൽഎയും നിലവിൽ മന്ത്രിയുമായ എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. മന്ത്രിമാറ്റം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ പിസി ചാക്കോ മുഖ്യമന്ത്രിക്ക് നേരത്തെ കത്തു നൽകിയിരുന്നു. തോമസിനെ മന്ത്രിയാക്കുന്നതിൽ പിണറായി വിജയൻ താൽപര്യം കാണിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. 1980 മുതൽ ഇടത് പക്ഷവുമായി ചേർന്നു നിൽക്കുന്ന എകെ ശശീന്ദ്രനെ കൈയൊഴിയാൻ സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറല്ല എന്ന വ്യക്തമായ സൂചനയാണ് ഇതിനോടകം എൻസിപിക്ക് നൽകിയിട്ടുള്ളത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി നേരത്തെ തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇപ്പോൾ തൻ്റെ ആവശ്യങ്ങളടങ്ങിയ കത്താണ് നൽകിയതെന്ന് തോമസ് കെ തോമസ് പറഞ്ഞു.

മന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ പിസി ചാക്കോയുടെ കയ്യിലിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം തനിക്ക് നല്‍കണമെന്നാണ് നിലവില്‍ എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന ഉപാധി. എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായതിനാല്‍ ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നതില്‍ തെറ്റില്ലെന്നാണ് ശശീന്ദ്രന്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇക്കാര്യത്തിൽ അനുകൂല നിലപാടില്ല. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് തോമസ് കെ തോമസ് രാഷ്ട്രീയത്തിലേക്ക് വന്നതും തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയതും.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസുമായി വച്ചുമാറണമെന്ന തീരുമാനം ഉണ്ടായിരുന്നുവെന്നാണ് പാർട്ടി അധ്യക്ഷൻ പി സി ചാക്കോ പറയുന്നത്. എന്നാൽ അത്തരം ധാരണകള്‍ ഒന്നുമില്ലെന്നാണ് ശശീന്ദ്രൻ്റെ വാദം. മന്ത്രി മാറ്റത്തിൽ മുഖ്യമന്ത്രി മനസ് തുറക്കാത്ത സാഹചര്യത്തിൽ തോമസ് കെ തോമസിന് മന്ത്രിക്കുപ്പായം ഉടനെ അണിയാൻ അവസരം കിട്ടില്ലെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top