എന്‍സിപി മന്ത്രിക്ക് ഇത്തവണയും ഇരുപ്പുറയ്ക്കുന്നില്ല; തോമസ്‌.കെ.തോമസ്‌ കസേര ഉറപ്പിച്ചു

പിണറായി വിജയന്‍ മന്ത്രിസഭയില്‍ കാലാവധി തികയ്ക്കാന്‍ കഴിയാതെ എന്‍സിപി മന്ത്രിമാര്‍. ഊഴംകാത്തുനിന്ന കുട്ടനാട് എംഎൽഎ തോമസ്കെ..തോമസിന് വേണ്ടി എ.കെ.ശശീന്ദ്രൻ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് ഉറപ്പായി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും തോമസ്‌.കെ.തോമസും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടതോടെയാണ് തീരുമാനമായത്. ശശീന്ദ്രനും തോമസ്‌.കെ.തോമസുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും എന്നാണ് പി.സി.ചാക്കോ അറിയിച്ചത്. ഒക്ടോബർ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഡല്‍ഹിയിലാണ്. അദ്ദേഹം ഒക്ടോബര്‍ മൂന്നിനാണ് തിരികെ എത്തുന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയെ മാറ്റുന്നത് പതിവില്ല. ഈ കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് കൈക്കൊള്ളുക.

കാലാവധി തികയ്ക്കാന്‍ കഴിയുന്നില്ല എന്ന ജാതകദോഷമാണ് പിണറായി മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിമാര്‍ നേരിട്ടത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആദ്യമന്ത്രി എ.കെ.ശശീന്ദ്രനായിരുന്നു. ഗതാഗത വകുപ്പായിരുന്നു ശശീന്ദ്രന്‍ കൈകാര്യം ചെയ്തത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന വാര്‍ത്ത മംഗളം ചാനല്‍ പുറത്തുവിട്ടതോടെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് കുട്ടനാട് എംഎല്‍എയായിരുന്ന തോമസ്‌ ചാണ്ടി മന്ത്രിയായത്.

ഭൂമി വിവാദം വന്നതോടെ തോമസ്‌ ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. 2017 ഏപ്രിൽ ഒന്നിന്​ മന്ത്രിയായി സത്യപ്രതിജ്​ഞ ​ചെയ്​ത അദ്ദേഹത്തിന്​ വെറും ആറുമാസം മാത്രമാണ് കസേരയില്‍ തുടരാന്‍ കഴിഞ്ഞത്. കുട്ടനാട്ടിലെ സ്വന്തം റിസോര്‍ട്ടിന് വേണ്ടി സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന ആരോപണത്തോടെ അദ്ദേഹം വിവാദത്തിരയില്‍പെട്ടു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ഉണ്ടായതോടെ മുഖ്യമന്ത്രിയെ കണ്ട് തോമസ്‌ ചാണ്ടി രാജിക്കത്ത് കൈമാറി. ശശീന്ദ്രനോ തോമസ്‌ ചാണ്ടിയോ ആരാണ് ആദ്യം കുറ്റവിമുക്തനായി വരുന്നത്, അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാം എന്ന തീരുമാനമാണ് പാര്‍ട്ടി എടുത്തത്.

ശശീന്ദ്രന്‍ ഉള്‍പ്പെട്ട കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് 2018 ഫെബ്രുവരി 1ന് വീണ്ടും മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അസുഖ ബാധിതനായിരുന്ന തോമസ്‌ ചാണ്ടി 2019 ഡിസംബര്‍ 20ന് മരിക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരില്‍ വനംവകുപ്പാണ് ശശീന്ദ്രന് ലഭിച്ചത്. തോമസ്‌ ചാണ്ടി മരിച്ചപ്പോള്‍ കുട്ടനാട് എംഎല്‍എയായി അദ്ദേഹത്തിന്റെ സഹോദരന്‍ തോമസ്‌.കെ.തോമസാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ രണ്ടാം മന്ത്രിസഭയില്‍ ചെറു ഘടകകക്ഷികള്‍ക്ക് ഊഴമിട്ടാണ് പിണറായി വിജയന്‍ മന്ത്രിസ്ഥാനം അനുവദിച്ചത്. മന്ത്രിസഭ രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ ഐഎന്‍എല്ലിന്റെ മന്ത്രി അഹമ്മദ് ദേവർകോവിലിന് പകരം കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ത്രിയായി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് പകരം കേരള കോണ്‍ഗ്രസി (ബി) ന്റെ കെ.ബി.ഗണേഷ് കുമാറും മന്ത്രിയായി. ഈ ഘട്ടത്തില്‍ തന്നെ മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി തോമസ്‌.കെ.തോമസും രംഗത്തുവന്നു.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി സ്ഥാനം തനിക്ക് നല്‍കാമെന്നു തീരുമാനമെടുത്തിരുന്നു എന്നാണ് തോമസ്‌.കെ.തോമസ്‌ അവകാശപ്പെട്ടത്. ആദ്യം ഇതിനോട് യോജിക്കാതെ നിന്ന പി.സി.ചാക്കോയും തോമസ്‌.കെ.തോമസും അടുത്തതോടെയാണ് തോമസിന്റെ ആവശ്യത്തിന് അനുകൂലമായി എന്‍സിപിയില്‍ നീക്കമുണ്ടായത്. ഇപ്പോള്‍ മുതിര്‍ന്ന ചില നേതാക്കളുടെ പിന്തുണയോടെ മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാന്‍ ശശീന്ദ്രന്‍ കരുക്കള്‍ നീക്കുന്നുണ്ട്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡന്റ് പി.കെ.രാജനെ ഇന്നലെ ചാക്കോ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തൃശൂരിൽ യോഗം വിളിച്ചത് വിമതനീക്കമെന്നു കുറ്റപ്പെടുത്തിയാണ് നടപടി സ്വീകരിച്ചത്. പക്ഷെ പാര്‍ട്ടി തീരുമാനം അന്തിമമായതിനാല്‍ ശശീന്ദ്രന് വഴങ്ങേണ്ടി വരും.

എന്തായാലും എന്‍സിപിയുടെ മന്ത്രിസ്ഥാന കാര്യത്തില്‍ ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയുമായി ചാക്കോയും തോമസ്‌.കെ.തോമസും കൂടി കാണുമ്പോള്‍ നിയമസഭാ സമ്മേളനത്തിനിടെ മന്ത്രിമാറ്റം വരുമോ എന്ന കാര്യത്തില്‍ തീരുമാനം വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top