ചില പ്രാദേശിക പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ ലയിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍; രാഹുല്‍ ഗാന്ധിയില്‍ വലിയ പ്രതീക്ഷ

മുംബൈ: തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ ചില പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കാനിടയുണ്ടെന്ന് ശരത് പവാര്‍. തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ആശയപരമായി സമാനതകളുണ്ട്. രണ്ട് പാര്‍ട്ടികളും ഗാന്ധിജിയുടേയും, നെഹ്‌റുവിന്റേയും തത്വശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഇപ്പോള്‍ എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഭാവി കാര്യങ്ങള്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും അവരുടെ നേതാക്കള്‍ക്കുമെതിരായി രാജ്യവ്യാപകമായി ജനങ്ങളുടെ പ്രതിഷേധം പ്രകടമാണ്. താന്‍ സഞ്ചരിച്ച പ്രദേശങ്ങളിലും ഇടപഴകിയ ജനങ്ങളും ഈ വികാരം പങ്കുവെക്കുന്നുണ്ട്. അടിയൊഴുക്കുകള്‍ വളരെ പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനവികാരം മോദിക്കെതിരാണ്.ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പാതകള്‍ പിന്തുടരുന്ന ഒരു ജനതയും രാഷ്ടീയവും രാജ്യത്ത് പരുവപ്പെട്ടു വരികയാണ്. ഇന്ത്യയിലെ ധാരാളം യുവജനങ്ങള്‍ പ്രതിപക്ഷ നിരയിലേക്ക് കടന്നു വരുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് രാജ്യവ്യാപകമായി ലഭിക്കുന്ന സ്വീകാര്യത അത്ഭുതാവഹമാണ്. പ്രതീക്ഷയുടേയും പ്രത്യാശയുടേയും രൂപമായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ രാഹുല്‍ ഒരുപാട് താല്‍പര്യമെടുക്കുന്നുണ്ട്. ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും സംശയമില്ല. എല്ലാ കാര്യങ്ങളും പ്രതിപക്ഷത്തെ എല്ലാ നേതാക്കളുമായി വിശദമായി ചര്‍ച്ച ചെയ്യുന്ന സ്വഭാവക്കാരനാണ്. താനുമായി പല കാര്യങ്ങളിലും ഗൗരവമായ ചര്‍ച്ചകള്‍ നടത്താറുണ്ട്. രാജ്യത്തെ ജനങ്ങളും പാര്‍ടികളും ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു.

ശരത് പവാര്‍ രൂപം നല്‍കിയ എന്‍സിപി ഔദ്യോഗികമായി ഇപ്പോള്‍ അജിത്ത് പവാറിന്റെ നേതൃത്വത്തില്‍ ബിജെപിക്കൊപ്പമാണ്. ഭൂരിപക്ഷം എംഎല്‍എമാരും മറുകണ്ടം ചാടിയപ്പോള്‍ പാര്‍ട്ടിയും ചിഹ്നവും അജിത്ത് പവാറിന് ലഭിച്ചു. ഇപ്പോള്‍ എന്‍സിപി ശരത്ചന്ദ്ര പവാര്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ് പവാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top