മന്ത്രിസ്ഥാനം ഇല്ലെങ്കിലും പാര്‍ട്ടി പ്രസിഡൻ്റിൻ്റെ കസേരയിൽ തൃപ്തനായി തോമസ് കെ തോമസ്; അഡ്രസ് പോയി പി സി ചാക്കോ!!

എന്‍സിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ പ്രഖ്യാപിച്ചു. ദേശീയ നേതൃത്വമാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാന ഭാരവാഹി യോഗവും ശരത്പവാറും തോമസ് കെ തോമസിന്റെ സ്ഥാനം സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് പ്രഖ്യാപനം ഉണ്ടായത്.

ഇതോടെ കേരളത്തിലെ എന്‍സിപിയില്‍ ഏറെ നാളായി നിലനിന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് തോമസ് കെ തോമസ് നീക്കങ്ങള്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തോമസിനെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോ കൂടി എത്തിയതോടെ വിവാദം കൊഴുത്തു. ശരത്പവാറിനെ വരെ സമ്മതിപ്പിച്ച് തോമസ് കെ തോമസിനെ മന്ത്രിയാക്കണം എന്ന കത്തുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതോടെ ചാക്കോ നാണംകെടുന്ന സ്ഥിതിയായി.

ഏറെ നാളായി പാര്‍ട്ടിക്കുള്ളില്‍ ചാക്കോയ്ക്കെതിരെ തുടങ്ങിയ മുറുമുറുപ്പ് ശക്തമായി. പിഎസ്‌സി അംഗമായുള്ള നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം ചാക്കോയ്ക്ക് സമ്മതിക്കേണ്ടിയും വന്നു. ഇതിനിടെ തന്നെ രണ്ട് ചേരിയിലായിരുന്നു മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ അടുത്തു. ഇതോടെ ചാക്കോയ്ക്ക് നാണംകെട്ട് രാജിവച്ച് ഇറങ്ങേണ്ടി വന്നു.

എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക പരിഹാരമാകുമ്പോള്‍ നഷ്ടം ചാക്കോയ്ക്ക് മാത്രമാണ്. രണ്ടു യുപിഎ സർക്കാരുകളുടെ ഭരണകാലത്തും ദേശീയ നേതാവായി തലയെടുപ്പോടെ നിന്ന ചാക്കോ, അക്കാലം കഴിഞ്ഞുവെന്ന തിരിച്ചറിവിൽ കേരളത്തിലെ എൻസിപിയുടെ അധ്യക്ഷനായി ഇടതുമുന്നണിയിൽ എത്തി, എന്നാലിപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top