ജെഡിയു മോഡലില്‍ എന്‍സിപിക്ക് രാഷ്ട്രീയ അഭയം നല്‍കാൻ സിപിഎം; കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് പിസി ചാക്കോയ്ക്ക് ശരത് പവാറിന്റെ ഉറപ്പ്; ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കില്ല

തിരുവനന്തപുരം: ശരത് പവാറിൻ്റെ നേതൃത്വത്തിലെ എന്‍സിപിയെ മാത്രമേ ഇടതുപക്ഷം അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍ സിപിഎം. എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന അജിത് പവാര്‍ പക്ഷത്തിൻ്റെ ആവശ്യം അംഗീകരിക്കില്ല. ശരത് പവാറും കൂട്ടരും കോണ്‍ഗ്രസില്‍ ലയിച്ചാലും കേരളത്തിലെ എന്‍സിപിയെ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇടതുമുന്നണിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തും. പിസി ചാക്കോയേയും എകെ ശശീന്ദ്രനേയും അതിൻ്റെ നേതാക്കളായി അംഗീകരിക്കുകയും ചെയ്യും. കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ തല്‍കാലം പരിഗണിക്കേണ്ടതില്ല എന്നാണ് സിപിഎം നിലപാട്. അതിനിടെ കോണ്‍ഗ്രസില്‍ ലയിക്കില്ല എന്ന ഉറപ്പ് പിസി ചാക്കോയ്ക്കും കൂട്ടര്‍ക്കും ശരത് പവാറില്‍ നിന്നും കിട്ടിയിട്ടുണ്ട്. എന്‍സിപിയുടെ ചിഹ്നവും പേരും വീണ്ടെടുക്കാനുള്ള നിയമപോരാട്ടം കേരളാ ഘടകത്തിൻ്റെ കൂടി ആശങ്ക പരിഗണിച്ചാണ് ശരത് പവാര്‍ നടത്തുന്നത്.

ബിജെപി വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗ്രസിന് കരുത്ത് പകരാന്‍ ശരത് പവാറും ആഗ്രഹിക്കുന്നുണ്ട്. സഹോദരീപുത്രനായ അജിത് പവാര്‍ എന്‍സിപിയെ പിളര്‍ത്തിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ചിഹ്നവും പാര്‍ട്ടി പേരും സ്വന്തമാക്കി. ഇതോടെ എന്‍സിപിയുടെ ഔദ്യോഗിക അംഗീകാരം ശരത് പവാറിന് നഷ്ടമായി. അതിനിടെ കേരളത്തിലുള്ളവര്‍ അജിത് പവാറിനെ എന്‍സിപിയായി അംഗീകരിക്കില്ലെന്ന് എകെ ശശീന്ദ്രന്‍ നിലപാട് എടുത്തു. എന്‍സിപി ചിഹ്നത്തില്‍ ജയിച്ച ശശീന്ദ്രന്റേത് അച്ചടക്ക ലംഘനമാണെന്നും മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്നും അജിത് പവാര്‍ പക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും രാജിവയ്‌ക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ശശീന്ദ്രന് ലഭിച്ച സന്ദേശം. ഇതിനിടെയാണ് ശരത് പവാറും കൂട്ടരും കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്ത എത്തിയത്. ശശീന്ദ്രന് ഇതിനോടും താല്‍പ്പര്യമില്ല. ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനുള്ള മന്ത്രിയുടെ ആഗ്രഹത്തിന് സിപിഎം എല്ലാ പിന്തുണയും നല്‍കും.

രണ്ടരവർഷം കഴിഞ്ഞപ്പോള്‍ തന്നെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട്ടില്‍ നിന്നുള്ള എന്‍സിപി പ്രതിനിധി തോമസ് കെ തോമസ് എത്തിയിരുന്നു. നിലവിലെ സാഹചര്യം മുതലെടുക്കാന്‍ തോമസ് കെ തോമസ് ശ്രമിച്ചാലും സിപിഎം വഴങ്ങില്ല. പിസി ചാക്കോയും ശശീന്ദ്രനും പറയുന്നവരെ മാത്രമേ തല്‍കാലം സിപിഎം അംഗീകരിക്കൂ. തോമസ് കെ തോമസ് എന്ത് നടപടി എടുത്താലും കാര്യമാക്കേണ്ടതില്ല എന്നാണ് അനൗദ്യോഗിക നിലപാട്. മന്ത്രി കൃഷ്ണന്‍കുട്ടിയേയും മാത്യു ടി.തോമസിനേയും സംരക്ഷിക്കുന്നത് പോലെ ശശീന്ദ്രനേയും ചേര്‍ത്തുനിര്‍ത്തും. കോണ്‍ഗ്രസുമായി ശരത് പവാര്‍ പക്ഷം ലയിച്ചാലും മറ്റൊരു സംസ്ഥാന പാര്‍ട്ടിയായി ശശീന്ദ്രനും ചാക്കോയ്ക്കും ഇടതുപക്ഷത്ത് തുടരാനായേക്കും. ഈ സാഹചര്യത്തെക്കുറിച്ച് സിപിഎമ്മില്‍ നിലവില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. എന്നാല്‍ ദീര്‍ഘകാലമായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിലെ പഴയ സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയെ കൈവിടേണ്ടതില്ല എന്ന് തന്നെയാണ് സിപിഎം നേതൃതലത്തിലെ ധാരണ.

അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നാണ് മഹാരാഷ്ട്ര സ്പീക്കര്‍ നിലപാട് എടുത്തത്. എംഎല്‍എമാരുടെ അയോഗ്യതാ പ്രശ്നത്തില്‍ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്ന് മഹാരാഷ്ട്രാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ഒരാള്‍ മാറിപ്പോയാലും മറ്റൊരാളെ അംഗീകരിക്കുന്ന നിലപാട് കേരളാ നിയമസഭയില്‍ സ്പീക്കറും എടുക്കും. അതുകൊണ്ടു തന്നെ ഇടതുപക്ഷത്ത് നിന്ന് എന്ത് സ്വതന്ത്ര തീരുമാനവും ശശീന്ദ്രന് എടുക്കാന്‍ കഴിയും. സ്പീക്കറുടെ നിലപാട് ശശീന്ദ്രന് അനുകൂലമാകും. എന്നാല്‍ കോടതിയില്‍ ഇത് എന്‍സിപിയിലെ അജിത് കുമാര്‍ പക്ഷം ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനെക്കുറിച്ച് അപ്പോള്‍ ചിന്തിക്കാമെന്നാണ് സിപിഎം ലൈൻ.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തോടെ പാര്‍ട്ടിയും പേരും ചിഹ്നവുമെല്ലാം അജിത് പവാറിന് സ്വന്തമായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത്ചന്ദ്ര പവാര്‍ എന്നാക്കി ശരത് പവാര്‍ വിഭാഗത്തെ മാറ്റിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നിയമ യുദ്ധത്തിലാണ് ശരത് പവാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top