പ്രധാനമന്ത്രി ഈ മാസം 15ന് തിരുവനന്തപുരത്ത്; കാട്ടാക്കടയില്‍ പൊതുസമ്മേളനം; വേദി പങ്കിടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തലസ്ഥാനത്ത് എത്തും. ഏപ്രില്‍ 15ന് രാവിലെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവര്‍ മോദിക്കൊപ്പം വേദി പങ്കിടും.
ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ വിജയ സാധ്യത കൂടുതലാണെന്ന് ആണ് ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇതിന് കൂടുതല്‍ ആവേശം പകരാനാണ് പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അറിയിച്ചു. മോദിയുടെ സന്ദർശനം കേരളത്തിലെ മുഴുവൻ പ്രവർത്തകർക്കും ആവേശം നൽകുന്നതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണങ്ങള്‍ മുറുകുകയാണ്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 കാലത്തെ കോവിഡ് പ്രതിസന്ധി കാരണം തനിക്ക് ബിസിനസില്‍ നഷ്ടമുണ്ടായെന്നും ഇതാണ് വരുമാനം കുറയാന്‍ കാരണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ വാദം.
2021–22ല്‍ നികുതി അടച്ചതിന്‍റെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല, പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, സ്വത്തു വിശദാംശങ്ങളില്‍ കൃത്യതയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ആണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്. നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകളും കണ്ടെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here