രാഹുലിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍; എന്‍ഡിഎ നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ പരാതി

രാഹുല്‍ ഗാന്ധിക്കെതിരേ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുലിന്റെ സുരക്ഷ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എഐസിസി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. എന്‍ഡിഎ നേതാക്കള്‍ക്കെതിരെ ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകൾ പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

ബിജെപി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്‌ക്‌വാദ് എന്നിവരുടെ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നാണ് തര്‍വീന്ദര്‍ സിങ് മാര്‍വയുടെ ഭീഷണി. രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിക്കുകയാണ് ശിവസേന എംഎല്‍എ ഗെയ്‌ക്‌വാദ് ചെയ്തത്. രാഹുല്‍ ഗാന്ധി ഭീകരനാണെന്നാണ് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ആക്ഷേപിച്ചത് . ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

“ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്. അതിന് ശേഷവും അവര്‍ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോഴും ബിജെപി യാതൊരു നടപടിയുമെടുക്കുന്നില്ല. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. അതിനാലാണ് ബിജെപി നേതാക്കള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നത്.” – മാക്കന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top