മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്; ഇന്ത്യാ-പാക് മത്സരം കാണുമെന്നു ശശി തരൂര്‍; വിട്ടുനില്‍ക്കുമെന്ന് മമതയും
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. ലോകനേതാക്കള്‍ക്ക് വരെ ക്ഷണമുണ്ട്. രാഷ്ട്രീയവും ധാര്‍മികവുമായി തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും ജയറാം രമേശ് ചോദിച്ചു. ചടങ്ങിന് തനിക്കും ക്ഷണം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും വ്യക്തമാക്കി. ചടങ്ങ് നടക്കുന്ന സമയം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുമെന്നും തരൂര്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഇന്നലെ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്.
അതേസമയം ഭരണത്തിലേക്ക് തുടര്‍ച്ചയായി മൂന്നാം ഊഴത്തിലേക്ക് എത്തുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here