എന്‍ഡിഎക്ക് മൂന്നാം ഊഴം; മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; 30 മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് ഒപ്പം സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്നും സുരേഷ് ഗോപി

ഭരണത്തിലേക്ക് തുടര്‍ച്ചയായി മൂന്നാം ഊഴത്തിലേക്ക് എത്തുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എന്‍ഡിഎയുടെ മൂന്നാംമന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും കാബിനറ്റ്‌ മന്ത്രിമാര്‍ ലഭിക്കും. രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.
നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ലാലൻ സിംഗ്, രാം നാഥ് താക്കൂർ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചത്. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാംനാഥ് താക്കൂർ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിന്‍റെ മകനാണ് രാംനാഥ് താക്കൂർ. ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) യോഗത്തിലാണ് തീരുമാനം വന്നത്.

ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയതിന് പിന്നാലെ നാല് വകുപ്പുകളും സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ബീഹാറില്‍ 12 സീറ്റ് നേടിയ ജെഡിയു രണ്ട് കാബിനറ്റ്‌ മന്ത്രിമാരെയാണ് ആവശ്യപ്പെട്ടത്. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ തികയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ്നിതീഷ് കുമാറും നായിഡുവും കിംഗ് മേക്കർമാരായത്. 543 അംഗ സഭയിൽ ബിജെപിക്ക് ലഭിച്ചത് 240 സീറ്റുകളാണ്. എൻഡിഎയ്ക്ക് 293 സീറ്റുകളുണ്ട്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top