എന്‍ഡിഎ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു; ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഞായറാഴ്ച രാത്രി ആരംഭിച്ച എന്‍ഡിഎ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും കൊള്ളക്കാര്‍ ഭരണം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധം. രാത്രി എട്ടോടെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ ശേഷമാണ് ഉപരോധസമരം തുടങ്ങിയത്.
രാവിലെ എട്ട് മണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നദ്ദ ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 3 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃയോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും.
സെക്രട്ടറിയേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് – തൈക്കാട് -തമ്പാനൂര്‍ വഴിയും, വഴുതക്കാട് കലാഭവന്‍ മണി റോഡ് പനവിള വഴിയും പോകേണ്ടതാണ്. പട്ടം ഭാഗത്ത് നിന്ന് കിഴക്കേ കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് തിരിഞ്ഞ് നന്ദാവനം-പഞ്ചാപുര- ബേക്കറിഫ്ളെഓവര്‍ വഴിയും, ആശാന്‍ സ്ക്വയര്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം അണ്ടര്‍ പാസേജ് ബേക്കറി ഫ്ളൈഓവര്‍ വഴിയും, പോകണം.
കിഴക്കേകോട്ട ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്- തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈക്കാട്- മേട്ടുക്കട–വഴുതക്കാട് വഴിയും പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ – പനവിള – ബേക്കറിഫ്ളൈഓവര്‍- അണ്ടര്‍പാസേജ് -ആശാന്‍ സ്ക്വയര്‍ പി.എം.ജി വഴിയും പോകേണ്ടതാണ്. ചാക്കബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – ഈഞ്ചക്കല്‍ വഴി പോകണം. പ്രവര്‍ത്തകരെ കൊണ്ടു വരുന്ന വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ട്, ഈഞ്ചക്കല്‍ബൈപ്പാസ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here