പട്ടേൽ പ്രതിമക്കടുത്ത് കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന് പുള്ളിപ്പുലി; പേടിച്ച് ജീവനറ്റ് മറ്റ് ഏഴു ജീവികളും; ദാരുണസംഭവത്തിൽ അന്വേഷണം

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപമുള്ള ജംഗിൾ സഫാരി പാർക്കിൽ കൃഷ്മൃഗങ്ങളുടെ കൂട്ടമരണം. പാർക്കിനുള്ളിൽ വച്ച് പുള്ളിപ്പുലി ഒരു കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നിരുന്നു. ഇതിനെ തുടർന്ന് ഏഴ് കൃഷ്ണമൃഗങ്ങൾ പേടിച്ച് ചാവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“രണ്ടിനും മൂന്നിനും വയസിന് ഇടയിൽ പ്രായമുള്ള ഒരു പുള്ളിപ്പുലി പാർക്കിനുള്ളില്‍ കടന്ന് ഒരു കൃഷ്ണമൃഗത്തെ ആക്രമിച്ച് കൊന്നു. ബാക്കിയുള്ള ഏഴ് കൃഷ്ണമൃഗങ്ങൾ ആക്രമണത്തെ തുടർന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കരണം ചത്തതാണെന്ന് കരുതുന്നു. എട്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയതിന് ശേഷം സംസ്‌കരിച്ചു” – വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

കെവാഡിയ ഫോറസ്റ്റ് ഡിവിഷൻ്റെ പരിധിയിൽ വരുന്ന സഫാരി പാർക്കിൻ്റെ കമ്പിവേലികൾ ഭേദിച്ചാണ് പുള്ളിപ്പുലി അകത്തു കടന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേൽ പ്രതിമക്ക് സമീപമുള്ള പാർക്കും പരിസര പ്രദേശങ്ങളും പുള്ളിപുലികളുടെ ആവാസവ്യവസ്ഥയ്ക്ക് പ്രസിദ്ധമാണ്. പുള്ളിപ്പുലികൾ കൂടുതലായി കണ്ടുവരുന്ന ശൂൽപനേശ്വർ വന്യജീവി സങ്കേതത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

ചുറ്റുപാടുമുള്ള വനങ്ങളിൽ പുള്ളിപ്പുലിയുടെ സഞ്ചാരം സാധാരണമാണെങ്കിലും സഫാരി പാർക്കിൽ കാട്ടു പുള്ളിപ്പുലി പ്രവേശിക്കുന്നത് ആദ്യമായിട്ടാണെന്ന് കെവാഡിയ ഡിവിഷൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) അഗ്നീശ്വർ വ്യാസ് പറഞ്ഞു.

സംഭവശേഷം പുളളിപ്പുലി സഫാരി പാർക്ക് വിട്ട് പുറത്തു പോയതായി സ്ഥിരീകരിച്ചിട്ടില്ല. പുള്ളിപ്പുലി തിരിച്ചെത്തുമെന്ന ആശങ്കയിലാണ് ജീവനക്കാർ. 400ലധികം സിസിടിവി ക്യാമറകളിലൂടെ പാർക്ക് രാപ്പകലില്ലാതെ നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top