ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല; ലോറിയുമായി മത്സരയോട്ടം; നെടുമങ്ങാട് ബസപകടത്തിന്റെ കാരണങ്ങള്‍

ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേഗം. കിലോമീറ്ററുകളായി ഒരു ലോറിയുമായി മത്സരയോട്ടത്തിലായിരുന്നു ബസെന്നാണ് വിവരം. പല സമയത്തും അപകടകരമായ രീതിയില്‍ ലോറിയെ മറികടക്കാന്‍ ബസ് ഡ്രൈവര്‍ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ ഒരു വളവില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് ബസ് മറിയാന്‍ കാരണമായത്.
അമിതവേഗതയില്‍ വന്ന ബസ് കൊടുംവളവില്‍ വച്ച് ലോറിയെ മറികടന്ന ശേഷം ബ്രേക്കിട്ടു. ഇതോടെ ഡ്രൈവര്‍ക്ക് പൂര്‍ണ്ണമായും നിയന്ത്രണം നഷ്ടമായി. നിരങ്ങി നീങ്ങിയ ബസ് വളവ് തിരിഞ്ഞ ശേഷമാണ് മറിഞ്ഞത്. ഓടയിലെ സ്ലാബുകള്‍ തകര്‍ത്താണ് ബസ് മറിഞ്ഞതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ബസിന്റെ ഡ്രൈവര്‍ അപകടത്തിന് പിന്നാലെ ഇറങ്ങി ഓടുകയാണ് ചെയ്തത്.
സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചിരുന്ന ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരുക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് സുഹൃത്തിന്റെ വീട്ടില്‍ ഒള്ിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ മദ്യപിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഓരാള്‍ മരിക്കുകയും 44 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാവല്ലൂര്‍ സ്വദേശിനി ദാസിനിയാണ് മരിച്ചത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here