തൊണ്ടിമുതൽ രേഖകൾ എന്തിനെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ്!! കോപ്പി അനുവദിക്കാതെ ഒളിച്ചുകളി; ഇതാദ്യമായി തുറന്നുപറയുന്നു

Strangers cannot be issued copies, that’s the response of magistrate conveyed through court staff. At this point I have requested for a reply for my application, inorder to file appeal and the same also was rejected….

ആൻ്റണി രാജു കേരള സംസ്ഥാനത്തെ ഒരു മന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് അയാൾക്കെതിരെയുള്ള തൊണ്ടിമുതൽ തിരിമറിക്കേസിലെ രേഖകൾ തേടി ഞാൻ നെടുമങ്ങാട് കോടതിയിൽ എത്തുന്നത്. അന്നവിടെ നിന്നെനിക്ക് കിട്ടിയ പ്രതികരണത്തിന് പരിഹാരം കണ്ടെത്താൻ ആ കോടതിയുടെ വരാന്തയിലിരുന്ന്, അതായത് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ മുന്നിലിരുന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന് ഞാൻ അയച്ച പരാതിയിലെ രണ്ടുവരിയാണ് ഇത്.

2022 ജൂൺ-ജൂലൈ മാസങ്ങളിലെ കാര്യമാണ് ഈ പറയുന്നത്. അതായത്, ഏത് സാധാരണക്കാരനും കോടതിയിൽ നിന്ന് രേഖകൾ എടുക്കാൻ അനുമതി നൽകുന്ന ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടീസിലെ സെക്ഷൻ 226 പ്രകാരമാണ് മന്ത്രി പ്രതിയായ കേസിലെ രേഖകൾക്കായി ഞാൻ അപേക്ഷ നൽകിയിരിക്കുന്നത്. സമർപ്പിച്ച് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ അത് നിഷേധിച്ചിരിക്കുന്നു എന്നാണ് കൊച്ചിയിൽ നിന്ന് നെടുമങ്ങാട് വരെ വിളിച്ചുവരുത്തി കോടതിയിലെ ജൂനിയർ സൂപ്രണ്ട് എന്നെ അറിയിച്ചിരിക്കുന്നത്. എങ്കിൽ അതൊന്ന് രേഖയായി എഴുതിത്തരാൻ ആവശ്യപ്പെടുമ്പോൾ അങ്ങനെയൊരു പരിപാടി ഇവിടില്ല എന്നാണ് ജീവനക്കാരുടെ മറുപടി. നിഷേധിക്കാൻ കാരണം എന്തെന്ന് പറയുന്നുമില്ല. ഇത്രയും കാര്യം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയിലേക്ക് പരാതി അയച്ചത്.

പരാതിയിൽ പ്രതികരണം ഉണ്ടായെന്ന് എനിക്ക് മനസിലായത് എൻ്റെ മുന്നിലൂടെ ജീവനക്കാർ മജിസ്ട്രേറ്റിൻ്റെ മുറിയിലേക്കും തിരിച്ചും തലങ്ങും വിലങ്ങും പായുന്നത് കണ്ടപ്പോഴാണ്. ഏറെ വൈകാതെ മജിസ്ട്രേറ്റിൻ്റെ സിഎ വന്നെന്നോട് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു. ജീവനക്കാരുടെ പ്രതികരണം തീർത്തും നെഗറ്റീവ് ആയപ്പോൾ മജിസ്ട്രേറ്റിനെ കാണാൻ അനുമതി ചോദിച്ച എന്നോട് അത് പറ്റില്ലെന്ന് ആദ്യം പറഞ്ഞ സിഎ ലേഡിയാണ് ഈ വന്നിരിക്കുന്നത്. എനിക്ക് കാണണമെന്നില്ല, രേഖകൾക്കുള്ള എൻ്റെ അപേക്ഷ നിരസിക്കുന്നെങ്കിൽ അക്കാര്യം എഴുതി നൽകിയാൽ മതിയെന്ന് ഞാനും നിലപാടെടുത്തു. അങ്ങനെയല്ല, മജിസ്ട്രേറ്റിനെ എന്നെ കാണണമെന്ന് അറിയിച്ചുവെന്ന് വീണ്ടും പറഞ്ഞപ്പോൾ, എങ്കിൽ ശരി കാണാമെന്ന് വച്ച് അദ്ദേഹത്തിൻ്റെ ചേംബറിലേക്ക് കയറി. പക്ഷെ ആദ്യ പ്രതികരണം കൊണ്ട് തന്നെ അദ്ദേഹം എന്നെ അമ്പരപ്പിച്ചു.

വീഡിയോ സ്റ്റോറി കാണാം:

നിങ്ങൾക്കെന്തിനാണ് ഇപ്പോൾ ഇതൊക്കെ എന്നായിരുന്നു ആദ്യചോദ്യം. ചോദ്യത്തിൻ്റെ ടോണിൽ നേരിയൊരു അസ്വസ്ഥത തോന്നിയെങ്കിലും ന്യായമായൊരു സംശയം ആകാം എന്ന് കരുതി ഞാനൽപം വിശദീകരിക്കാൻ ഒരുങ്ങി. ഞാനൊരു ജേർണലിസ്റ്റാണ്, ഇത്ര സീരിയസായൊരു കേസാണല്ലോ, അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്ന് തോന്നി, എന്ന് പറഞ്ഞു വരുമ്പോഴേക്ക് അദ്ദേഹത്തിൻ്റെ അടുത്ത ഡയലോഗ്. അതിനിത് നിങ്ങടെ കേസൊന്നുമല്ലല്ലോ, ഇതിൻ്റെ കോപ്പി വേണമെന്ന് പറയുന്നത് വല്ലവരുടെയും കാര്യത്തിൽ എത്തിനോക്കുന്നത് പോലെയല്ലേ എന്ന്. അതെന്ത് ചോദ്യമാണെന്ന് ഞാൻ തിരിച്ചു ചോദിച്ചു. വളരെ വ്യക്തമായും പബ്ലിക് ഇൻ്ററസ്റ്റ് ഉള്ള വിഷയമല്ലേ, അത് മനസിലാക്കാതെ എന്താണ് ഇത്തരം സംസാരം എന്നെല്ലാം ഞാൻ തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെ, താനതല്ല ഉദ്ദേശിച്ചതെന്നും മറ്റും വിശദീകരിച്ച് അദ്ദേഹം തലയൂരാനാണ് ശ്രമിച്ചത്.

ഇതിനൊക്കെ ശേഷവും രേഖകൾ അനുവദിച്ചു കിട്ടുക എളുപ്പമല്ല എന്ന മട്ടിലായിരുന്നു മജിസ്ട്രേറ്റിൻ്റെ സംസാരം. സമാനമായ ചില കേസുകളിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത് അടക്കം ചൂണ്ടിക്കാട്ടി ഏതാണ്ടൊരു കോടതിയിലെന്ന പോലെ എനിക്ക് വാദിക്കേണ്ടി വന്നു അവിടെ. രേഖ കിട്ടാൻ എനിക്ക് അർഹതയുണ്ടെന്ന് ഒടുവിൽ സമ്മതിച്ച അദ്ദേഹം വീണ്ടും നടപടിക്രമങ്ങളുടെ നൂലാമാലകൾ ഉന്നയിച്ചു. അടുത്ത ഏതാനും ദിവസങ്ങൾ അവിടെ അടുത്ത് മുറിയെടുത്ത് താമസിച്ച് തന്നെ, അതെല്ലാം ഞാൻ പൂർത്തിയാക്കി നൽകി. പിന്തിരിഞ്ഞ് പോകില്ലെന്ന് ഉറപ്പായത് കൊണ്ടു തന്നെയെന്നാണ് ഞാൻ വിശ്വസിക്കുന്നത്, കോപ്പികൾ അനുവദിക്കാൻ ഒടുവിൽ ഉത്തരവായി. ഇത്ര വർഷങ്ങൾ കൊണ്ട് പൊടിഞ്ഞു തീരാറായ രേഖകൾ പലതും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പിന്നീട് സ്റ്റാഫ് എല്ലാവരും നന്നായി സഹകരിച്ചു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് എല്ലാം പൂർത്തിയായത്.

കേരളം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ആസൂത്രിതവും അമ്പരപ്പിക്കുന്നതുമായ കുറ്റകൃത്യത്തിൻ്റെ രേഖകൾ ഇതോടെ എൻ്റെ കയ്യിൽ വന്നുകഴിഞ്ഞു. ഇത് പുറത്തുവിട്ട് കഴിഞ്ഞാൽ ഉണ്ടാകാവുന്ന ഇംപാക്ട് ഞാൻ കണക്കുകൂട്ടി. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസിൽ കോടതിയെ വെട്ടിച്ചു നടക്കുന്ന പ്രതി നിലവിൽ ഈ സംസ്ഥാനത്തിൻ്റെ മന്ത്രിയാണ്. ഈ ഒളിച്ചുകളി ലോകമറിഞ്ഞ് കഴിഞ്ഞാൽ അയാൾക്ക് കോടതിയിൽ ഹാജരായി വിചാരണ നേരിടേണ്ടിവരും. അങ്ങനെ വന്നാൽ അതിന് മുൻപ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും. അതിനാദ്യം ഇത് പൊതുജന മധ്യത്തിൽ എത്തിക്കുകയാണ് വേണ്ടിയത്. യഥാർത്ഥത്തിൽ അതായിരുന്നു എന്നെ കാത്തിരുന്ന ഏറ്റവും ശ്രമകരമായ ടാസ്ക്. അതിനെക്കുറിച്ച് പറയാം അടുത്ത ഭാഗത്തിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top