2000കിലോ സ്വർണം കടത്തിയ മൂവാറ്റുപുഴ സംഘത്തെ കുടുക്കിയത് ഉറ്റബന്ധു; മകളുടെ വിവാഹം തകർന്നെങ്കിലും കുറ്റബോധമില്ലെന്ന് ജനതാ റസാഖ്

പെരുമ്പാവൂരിലെ ജനതാദൾ പ്രവർത്തകൻ ജനതാ റസാഖ് 2014ൽ മകളെ വിവാഹം ചെയ്തയച്ചത് മൂവാറ്റുപുഴയിലെ പേരുകേട്ട കുടുംബത്തിലേക്കാണ്. എന്നാൽ തൊട്ടുപിന്നാലെ അറിയുന്നത് മകൻ്റെ ബിസിനസ് സ്വർണക്കടത്ത് ആണെന്നാണ്. മകൾ തന്നെയാണ് വിവരമറിയിച്ചത്. റസാഖ് മരുമകനെ താക്കീത് ചെയ്തെങ്കിലും പിന്മാറാൻ അയാൾക്ക് ഉദ്ദേശ്യമില്ലെന്ന് വൈകാതെ മനസിലായി. അയാളുടെയും സംഘത്തിൻ്റെ സ്വർണക്കടത്തിൻ്റെ വ്യാപ്തി കൂടി ബോധ്യപ്പെട്ടതോടെ കസ്റ്റംസിനെയും പോലീസിനെയും വിവരമറിയിച്ചു. അവർ വിശ്വസിക്കാതെ വന്നപ്പോൾ അക്കാലത്ത് കസ്റ്റംസ് കമ്മിഷണറായിരുന്ന കെ.എൻ.രാഘവനെ നേരിൽകണ്ടതോടെയാണ് രണ്ടായിരം കിലോയിലേറെ സ്വർണം കടത്തിയ സംഘം കുടുങ്ങിയത്.

ജനതാ റസാഖിനെക്കുറിച്ചുള്ള വിവരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ.ജയശങ്കറാണ്. കരിപ്പൂര്‍ വിമാനത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നത് മുസ്​ലിം നാമധാരികളാണ് എന്ന കെ.ടി.ജലീലിന്റെ വാക്കുകള്‍ പല തലത്തിലും ചര്‍ച്ചയായപ്പോഴാണ് റസാഖിനെക്കുറിച്ച് തനിക്ക് നേരിട്ടറിയുന്ന വസ്തുതകൾ ജയശങ്കര്‍ ഉദാഹരിച്ചത്. ജലീല്‍ സാറേ, ഇതുപോലുള്ള ആളുകള്‍ ഞങ്ങളുടെ നാട്ടിലുണ്ട്. കള്ളക്കടത്ത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവരും കള്ളക്കടത്തുകാരെ കസ്റ്റംസിനെ ഏല്‍പ്പിച്ച് കൊടുക്കുന്നവരും ആലുവ-പെരുമ്പാവൂര്‍ ഭാഗങ്ങളിലുണ്ട്. ഈ പൈതൃകം കൊണ്ട് ഈ നാട് സമ്പന്നമാണ്. ഒന്ന് കണ്ടുകേട്ട് മനസിലാക്കുന്നത് നന്നായിരിക്കും, എന്നാണ് ജയശങ്കര്‍ പറഞ്ഞത്.

2013 മുതലുള്ള രണ്ടുവർഷം കൊണ്ട് 455 കോടി വിലമതിക്കുന്ന 1928 കിലോ സ്വർണം കടത്തിയെന്നാണ് കുറ്റപത്രത്തിൽ കസ്റ്റംസ് പറഞ്ഞത്. വീണ്ടും തുടരുമായിരുന്ന ഈ വൻ കടത്താണ് ജനതാ റസാഖ് പൊളിച്ചത്. ഒരു പോലീസുകാരനും നെടുമ്പാശേരി വിമാനത്താളത്തിലെ ജീവനക്കാരും അടക്കം 36 പ്രതികൾ അറസ്റ്റിലായ കേസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് പുറത്തുകൊണ്ടു വന്നത്. പിന്നീട് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോൾ ജസ്റ്റിസ് കെ.ടി.ശങ്കരന്‍ പ്രതികള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് വെളിപ്പെടുത്തല്‍ നടത്തി കേസിൽ നിന്നൊഴിവായി. കസ്റ്റംസ് കടുപ്പിച്ചതോടെ പ്രതികൾ പിന്നീട് കോഫെപോസ കരുതൽ തടങ്കലിലുമായി ഈ വൻസംഘം.

സ്വര്‍ണക്കടത്ത് ഒറ്റുകൊടുത്തതോടെ മകളെ ഭര്‍ത്താവ് മൊഴിചൊല്ലി. എന്നാൽ മറ്റൊരു വിവാഹം ചെയ്ത് അവർ സമാധാനത്തോടെ ജീവിക്കുന്നു. മകനൊപ്പം യുകെ മാഞ്ചസ്റ്ററിലുള്ള ജനതാ റസാഖ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മകളുടെ ഭര്‍ത്താവിനൊപ്പം നിന്നാല്‍ കോടീശ്വരന്‍ ആകാമായിരുന്നു. എന്നാല്‍ രാജ്യമാണ് വലുത് എന്ന തീരുമാനമാണ് ഞാന്‍ എടുത്തത്. അവരെന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ജനതാദളില്‍ വീരേന്ദ്രകുമാറിന് ഒപ്പമാണ് ഞാന്‍ ഉറച്ചുനിന്നത്. എൻ്റെ അനുഭവം നേരിട്ട് മനസിലാക്കിയത് കൊണ്ടാണ് സ്വര്‍ണക്കടത്തുകാരുടെ സ്വത്തുക്കള്‍ രാജ്യം കണ്ടുകെട്ടണമെന്ന് വീരേന്ദ്രകുമാര്‍ അക്കാലത്ത് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.” – റസാഖ് ഓർക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top