തീപ്പൊരികള്‍ വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയില്‍ പതിച്ചു; പിന്നീട് നടന്നത് വന്‍ സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന് കാരണം തീപ്പൊരി ചിതറി വീണത് ആണെന്ന് ദൃക്സാക്ഷികള്‍. വെടിക്കെട്ടിനിടെ തീപ്പൊരി പടക്കം സൂക്ഷിച്ച വെടിക്കെട്ട് പുരയിലേക്ക് വീണു. ഇതോടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുവെന്നാണ് ഇവര്‍ പറഞ്ഞത്. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടർ കെ.ഇമ്പശേഖരൻ പ്രതികരിച്ചു.
“പെട്ടെന്ന് തീയും പുകയും കണ്ടു. തീപ്പൊരികള്‍ പടക്കപ്പുരയിലേക്ക് വീണു. ഇതോടെ വെടിക്കെട്ട് പുര കത്തി.”ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിക്കെട്ട് പുരയും കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധി പാലിച്ചിരുന്നില്ല. ഇതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.
വലിയ സ്ഫോടനം നടന്നതോടെ ആളുകള്‍ ചിതറി ഓടി. തിക്കും തിരക്കിനുമിടയിലും വീണും നിരവധിപേര്‍ക്ക് പരുക്കേറ്റു. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ക്ഷേത്രഭാരവാഹികള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് പുലര്‍ച്ചെ നടന്ന വെടിക്കെട്ടപകടത്തില്‍ 154 പേര്‍ക്ക് പരുക്കുണ്ട്. എട്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here