സ്വർണം നേടിയ പാകിസ്താൻ താരവും തൻ്റെ മകൻ; ആഹ്ലാദം പങ്കുവെച്ച് നീരജിൻ്റെ അമ്മ
പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്ര നേടിയ വെള്ളി സ്വർണത്തിന് തുല്യമാണെന്ന് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താൻ്റെ അർഷാദ് നദീമാണ് സ്വർണം നേടിയത്. ഇതിനു പിന്നാലെയാണ് സരോജിനി ദേവി പ്രതികരിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് അവർ പറഞ്ഞു.
“വെള്ളി മെഡൽ നേട്ടത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്വർണത്തിന് തുല്യമായാണ് അതിനെ കാണുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു അവൻ. അതിൽ നിന്ന് മുക്തനായതിന് ശേഷമാണ് ഈ നേട്ടം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്” – നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞു. മത്സരത്തിന് ശേഷം അർഷാദിൻ്റെ അമ്മയും നീരജ് ചോപ്ര മകനെപ്പോലെയാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“അവനും എൻ്റെ മകനെപ്പോലെയാണ്. നദീമിൻ്റെ സുഹൃത്തും സഹോദരനുമാണ്. ജയവും തോൽവിയും കായികരംഗത്തിൻ്റെ ഭാഗമാണ്. ദൈവം അവനെ അനുഗ്രഹിക്കട്ടെ, അവൻ മെഡലുകൾ നേടട്ടെ. അവർ ഇരുവരും സഹോദരങ്ങളെപ്പോലെയാണ്. ഞാനും നീരജിനായി പ്രാർത്ഥിച്ചിട്ടുണ്ട്.”- അർഷാദിൻ്റെ അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ജാവലിൻ ഫൈനലിൽ ഒളിമ്പിക്‌സ് റെക്കോഡോടെയാണ് അർഷാദ് നദീം സ്വർണം സ്വന്തമാക്കിയത്. ഒരു പാക് താരം ആദ്യമായിട്ടാണ് വ്യക്തിഗത മെഡൽ നേടുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ സ്ഥാനം പിടിക്കുന്നത്. ഇതിനുമുമ്പ് ഹോക്കിയിലാണ് പാകിസ്താൻ മെഡൽ നേടിയത്. 92.97 മീറ്റർഎന്ന ഒളിമ്പിക് റെക്കോർഡോടെ ആയിരുന്നു പാക് താരത്തിൻ്റെ സുവർണ നേട്ടം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here