നെഗറ്റീവ് എനര്‍ജിക്കുള്ള പ്രാര്‍ത്ഥന തിരിച്ചടിച്ചു; തൃശ്ശൂരിലെ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശ്ശൂര്‍ : സര്‍ക്കാര്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെ വകുപ്പു തല നടപടി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എ.ബിന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്.
കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി തടയാനാണ് കെ.എ.ബിന്ദുവിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നത്. കഴിഞ്ഞ മാസം 29ന് വൈകുന്നേരം 4.30നാണ് പ്രാര്‍ത്ഥന നടന്നത്. ഓഫീസിനകത്ത് നെഗറ്റീവ് എനര്‍ജി ഉണ്ടെന്നും അതിനെ ഒഴിവാക്കാന്‍ പ്രാര്‍ത്ഥന നടത്തണമെന്നും ശിശു സംരക്ഷണ ഓഫീസര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓഫീസിലെ താത്കാലിക ജീവനക്കാരില്‍ ഒരാളും വൈദിക വിദ്യാര്‍ത്ഥിയുമായ വ്യക്തി ളോഹയും ബൈബിളുമായെത്തിയാണ് പ്രാര്‍ത്ഥന നടത്തിയത്. ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിലെ പ്രവര്‍ത്തകര്‍ക്ക് പ്രാര്‍ത്ഥനയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടി വന്നു. ശിശു സംരക്ഷണ വകുപ്പില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും താത്കാലിക ജീവനക്കാരാണ്. അതുകൊണ്ടു തന്നെ ഓഫീസറുടെ ഉത്തരവിനെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കളക്ടറും ഉത്തരവിട്ടിരുന്നു. സബ് കളക്ടര്‍റുടെ നേതൃത്വത്തില്‍ ഈ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here