നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിന് നടത്തിയേക്കും; പ്രതിഷേധം കനക്കുമ്പോള്‍ സര്‍ക്കാരിനു മനംമാറ്റം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ സര്‍ക്കാരിനു മനംമാറ്റം. വള്ളംകളി ഓണത്തോട് അനുബന്ധിച്ച് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതിനനുസരിച്ചുള്ള പ്രതികരണമാണ് കോട്ടയത്ത് മന്ത്രി വി.എന്‍.വാസവന്‍ നടത്തിയത്. നെഹ്റു ട്രോഫി വള്ളംകളി നാടിന്റെ വികാരമാണ്. ഓണത്തിന് നടത്തുന്നത് സജീവ പരിഗണനയിലാണെന്നാണ് മന്ത്രിപറഞ്ഞത്.
വള്ളംകളിക്ക് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കും. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് ജലോത്സവ പ്രേമികളും, ക്ലബുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് സാധാരണയായി നെഹ്റു ട്രോഫി നടത്തുന്നത്. വയനാട് ദുരന്തം കാരണമാണ് ഇക്കുറി മാറ്റിവച്ചത്. കോഴിക്കോട് ബേപ്പൂർ വാട്ടർ ഫെസ്റ്റിന് അനുവാദം നല്‍കുകയും നെഹ്‌റുട്രോഫി വള്ളംകളിക്ക് അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന ആക്ഷേപം വന്നു. ഇതോടെയാണ് മുന്‍ തീരുമാനത്തില്‍ മാറ്റം വന്നത്.
വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. വള്ളംകളിക്ക് സർക്കാർ നല്‍കുന്ന സഹായം ഇക്കുറി ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തുവന്നത്.
നെഹ്റു ട്രോഫി വള്ളംകളി ഇക്കുറി ഇല്ലെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. വള്ളംകളിക്ക് എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകും. ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു.നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
നെഹ്‌റുട്രോഫിയില്‍ 19 ചുണ്ടൻവള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണ് പങ്കെടുക്കുന്നത്. വള്ളംകളി മാറ്റിവെച്ചാല്‍ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്റു ട്രോഫിക്കായി സർക്കാർ നൽകുന്ന തുക. ബാക്കി തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. വയനാട് ദുരന്തം മുന്നില്‍ നില്‍ക്കുന്നതിനാല്‍ വള്ളംകളി പ്രശ്നത്തില്‍ തീരുമാനം സര്‍ക്കാരിന് വിടുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018-ലും 2019-ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വെച്ചിരുന്നു. കോവിഡ് സമയത്തും നടത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here