കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്തും നേമം സൗത്തും; രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി

തിരുവനന്തപുരത്തെ രണ്ട് റയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റി. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 9 കിലോ മീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്.

കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍, കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നു വെക്കുന്ന സാഹചര്യമാണ്. പേരു മാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top