നെൻമാറയിൽ രണ്ട് ജീവൻ പൊലിയാൻ കാരണം പോലീസ്!! പാലക്കാട് എസ്പിയുടെ റിപ്പോർട്ട് എഡിജിപിക്ക്
നെന്മാറ ഇരട്ട കൊലപാതക കേസിൽ പോലീസിന് വീഴ്ച പറ്റിയതായി പാലക്കാട് എസ്പിയുടെ റിപ്പോർട്ട്. എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട്. പാലക്കാട് എസ്പി രാജേഷ് കുമാര്‍, എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം തള്ളുന്നതാണിത്.
നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എസ്പിയുടെ റിപ്പോർട്ട്. പോലീസ് ഉചിതമായ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമരയെ പ്രദേശത്ത് തുടരാൻ അനുവദിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ നേരത്തേ പോലീസിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം ഉന്നതതലത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സുധാകരന്റെയും മകളുടെയും പരാതി മുഖവിലക്കെടുക്കാത്തത് പോലീസിന് സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ചെന്താമരക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ രണ്ട് ജീവനുകൾ ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നുവെന്നും അവരും പറയുന്നു.
അതേസമയം കൊലപാതകങ്ങൾക്ക് ശേഷം ശേഷം ഒളിവിൽ പോയ ചെന്താമരയെ ഒന്നര ദിവസം പറഞ്ഞിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാല് സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പോലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019ലാണ് സുധാകരന്റെ ഭാര്യ സജിതയെ പ്രതി കൊലപ്പെടുത്തുന്നത്. ലോറി ഡ്രൈവര്‍ ആയിരുന്ന ചെന്താമരയെ ഭാര്യ ഉപേക്ഷിക്കാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
സജിതയെ കൊലപ്പെടുത്തിയ കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരും നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികളും പറയുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here