നേപ്പാളിൽ വൻ ഭൂചലനം; 70 മരണം; നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയര്‍ന്നേക്കും
കാഠ്മണ്ഡു: നേപ്പാള്‍ ഭൂചലനത്തിൽ 69 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11.32-ഓടെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here