കവര്‍ച്ചാശ്രമക്കേസിലെ പ്രതിക്ക് പോലീസ് കസ്റ്റഡിയില്‍ മരണം; കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞുവീണു
തിരുവനന്തപുരം: വീട്ടുകാരെ മയക്കി കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയ സംഘത്തിലെ പ്രധാനി പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാറാണ് (48) മരിച്ചത്. അയിരൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു.
ചൊവ്വാഴ്ചയാണ് വര്‍ക്കല ഹരിഹരപുരത്തെ ശ്രീദേവിയമ്മയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടായത്. ശ്രീദേവിയമ്മയ്ക്കൊപ്പം മകന്റെ ഭാര്യയും ഹോം നേഴ്സുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനി വഴിയാണ് കവര്‍ച്ചാസംഘം വീട്ടില്‍ എത്തിയത്. ബോധം നഷ്ടപ്പെടാനുള്ള മരുന്ന് രാത്രി ആഹാരത്തില്‍ കലര്‍ത്തി വീട്ടുകാര്‍ക്ക് നല്‍കിയ ജോലിക്കാരി കവര്‍ച്ചയ്ക്കുള്ള അവസരമുണ്ടാക്കി. ശേഷം സംഘം വീട്ടിലെത്തി പണവും സ്വര്‍ണവും കൈവശപ്പെടുത്തുകയായിരുന്നു.
ഈ സമയം ബെംഗളൂരുവിലുള്ള മകന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചു. കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് തൊട്ടടുത്തുള്ള ബന്ധുവിനെ വിളിച്ചു. ബന്ധു വീട്ടില്‍ ചെന്നപ്പോള്‍ കവര്‍ച്ചാശ്രമം നടക്കുകയായിരുന്നു. ആളുകളെ വിളിച്ച് കൂട്ടിയപ്പോള്‍ ഇവര്‍ ബാഗും മറ്റും അവിടെയിട്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് രാംകുമാര്‍, ഷാന്‍ എന്നിവര്‍ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വര്‍ക്കല കോടതിയില്‍ പ്രതികളെ ഹാജരാക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രാംകുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘത്തിലുള്ള സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here