നെതന്യാഹുവിൻ്റെ വീടിനെ ഉന്നംവച്ച് ആക്രമണപദ്ധതികൾ… ഡ്രോണിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിവില്ലേ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സിസേറിയയിലെ വീടിന് നേരെ നടന്ന ഡ്രോൺ ആക്രമണം തുറന്നു കാട്ടുന്നത് പ്രതിരോധ സംവിധാനത്തിലെ പാളിച്ചകളെന്ന് വിലയിരുത്തലുകൾ. ഇസ്രായേലിൻ്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് ഡ്രോണുകൾക്ക് രക്ഷപ്പെടാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നാണ് ഉയരുന്ന ചോദ്യം.
കഴിഞ്ഞയാഴ്ച വടക്കൻ ഇസ്രയേലിലെ സൈനിക താവളത്തിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയപ്പോഴും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ, മറ്റ് സംവിധാനങ്ങൾ എന്നിവയ്ക്ക് എന്തുകൊണ്ടാണ് അതിന് കഴിയാത്തത് എന്ന് വിശദീകരിക്കുകയാണ് ന്യൂയോർക്ക് ടൈംസിൽ പാട്രിക് കിംഗ്‌സ്‌ലിയും ഗാബി സോബൽമാനും എഴുതിയ ലേഖനം.
1000 എംപിഎച്ച് (miles per hour) വേഗതയിൽ സഞ്ചരിക്കുന്ന മിസൈലുകളേയും കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുള്ള ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ സംവിധാനമുള്ള രാജ്യമാണ് ഇസ്രയേൽ. എന്നാൽ വെറും 100 എംപിച്ച് വേഗതയിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാനങ്ങളെ (ഡ്രോൺ) തടയാൻ എന്തു കൊണ്ട് പരാജയപ്പെടുന്നു എന്നതാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്.
ഡ്രോണുകൾ മിക്കപ്പോഴും കുറഞ്ഞ അളവിൽ ലോഹം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ അവ ഉയർന്ന വേഗതയുള്ള റോക്കറ്റുകളേക്കാളും ഷെല്ലുകളേക്കാളും കുറഞ്ഞ താപം പുറപ്പെടുവിക്കുന്നു. ശത്രു ഡ്രോണുകളെ സുരക്ഷാ സംവിധാനങ്ങള്‍ ചെറിയ സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഇസ്രയേലി വിമാനങ്ങളായി തെറ്റിദ്ധരിക്കുന്നു. അതിന് പ്രധാന കാരണം സ്വകാര്യ വിമാനങ്ങൾക്ക് സമാനമായ ഉയരത്തിലും വേഗതയിലും ഡ്രോൺ പറക്കുന്നു എന്നതുകൊണ്ടാണെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. അതിനാൽ അവയ്ക്ക് പലപ്പോഴും മുന്നറിയിപ്പ് സംവിധാനങ്ങളെ കബളിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഒരു കാരണം.
ഇതിനെ ശരി വയ്ക്കുനതാണ് ഇസ്രയേലി വ്യോമസേനയിലെ ഡ്രോൺ വിഭാഗം മുൻ മേധാവി ഓഫർ ഹരുവിയുടെ വാക്കുകൾ. സാധാരണ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ് എല്ലാ പ്രതിരോധ സംവിധാനങ്ങളും. ഇസ്രയേലി വ്യോമസേനയിലെ ഡ്രോൺ വിഭാഗം മുൻ മേധാവി ഓഫർ ഹരുവി പറഞ്ഞു. ഈ സംവിധാനങ്ങൾ ഇസ്രയേല്‍ ഇനിയും പുനർരൂപകൽപ്പന ചെയ്യേണ്ടതുണ്ട്. അതുവഴി ഇത്തരത്തിലുള്ള സ്ലോ-മൂവിംഗ് ടാർഗെറ്റ് കണ്ടെത്താനും ട്രാക്കുചെയ്യാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിൻ്റെ ആൻ്റി ഡ്രോൺ സംവിധാനത്തിന് പരിഷ്ക്കാരം ആവശ്യമാണെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നു. ഡ്രോൺ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളെ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുന്ന റിസപ്റ്ററുകൾ, ഡ്രോൺ തിരിച്ചറിയാനായി ആകാശത്തെ സ്കാൻ ചെയ്യുന്ന ഒപ്റ്റിക്കൽ സെൻസറുകൾ, ഡ്രോണിൻ്റെ എഞ്ചിൻ്റെ ശബ്ദം കണ്ടെത്തുന്ന അക്കോസ്റ്റിക് സെൻസറുകൾ എന്നിവ ഉൾപ്പെടെ ബദൽ സംവിധാനങ്ങളുണ്ട്. ഇവയയെല്ലാം സംയോജിപ്പിച്ചാൽ കൂടുതൽ കരുത്തുറ്റ ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റം നിർമിക്കാൻ ഇസ്രയേലിന് കഴിയുമെന്ന് ഡ്രോൺ ഡിറ്റക്ഷൻ സംവിധാനങ്ങൾ രൂപകല്പന ചെയ്യുന്ന കമ്പനിയായ ആർ2 വയർലെസ് മേധാവി ഓൺ ഫെനിഗ് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here