ലോകകപ്പിൽ വീണ്ടും അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതർലൻഡ്സ്
ധർമ്മശാല: എകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്. 38 റൺസിൻ്റെ വിജയമാണ് നെതർലൻഡ്സ് സ്വന്തമാക്കിയത്. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 43 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് നെതർലൻഡ്സ് നേടിയത്.
നായകൻ എഡ്വാർഡ്സ് വാലറ്റത്തെ കൂട്ട് പിടിച്ച് നടത്തിയ പ്രകടനമാണ് നെതർലൻഡ്സിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. എഡ്വാർഡ്സ് 69 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 78 റൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി, മാർക്കോ യാൻസൺ, കഗിസോ റബാദ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെറാൾഡ് കോട്സിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. 52 പന്തിൽ 43 റൺസ് നേടിയ ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയുടെ ടോപ് സ്കോറർ. കേശവ് മഹാരാജ് 37 പന്തിൽ 40 റൺസ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. ലോഗൻ വാൻ ബീക്ക് മൂന്ന് വിക്കറ്റും പോൾ വാൻ മീക്രൻ, വാൻ ഡി മെർവി, ബാസ്’ ഡി ലീഡിഎന്നിവർ രണ്ട് വിക്കറ്റ് വീതവും നെതർലൻഡ്സിന് വേണ്ടി വീഴ്ത്തി.
ഈ ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറി ജയമാണ് നെതർലൻഡ്സ് സ്വന്തമാക്കിയത് . ഇന്നലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here