രജനികാന്തിന് ദളിത് രാഷ്ട്രീയം അറിയാമോ എന്ന് ഡോ. ബിജു; കാഴ്ചക്കാര്‍ക്കൊപ്പം ചിരിച്ച് പാ രഞ്ജിത്; വിമർശനവുമായി ആരാധകര്‍

സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ദളിത് ഹിസ്റ്ററി മാസത്തിന്റെ ഭാഗമായി നടത്തിയ വാനം ഫിലിം ഫെസ്റ്റിവലില്‍ രജനികാന്തിനെക്കുറിച്ചുള്ള ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാനല്‍ അംഗമായ മലയാളം സംവിധായകന്‍ ഡോ ബിജു തമിഴ് സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്നതാണ് ക്ലിപ്പ്. നെറ്റിസന്‍സില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ക്ലിപ്പിന് ലഭിക്കുന്നത്. രജനികാന്തിനെ പരിഹസിച്ചു എന്ന് പറഞ്ഞ് ചിലര്‍ പാ രഞ്ജിത്തിനെ ചീത്ത വിളിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ഏപ്രിലില്‍ ചെന്നൈയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ആണ് വാനം.
ഡോ. ബിജു രജനികാന്തിനെക്കുറിച്ച് ചില കമന്റുകള്‍ പറയുമ്പോള്‍ സദസിലിരിക്കുന്ന കാഴ്ചക്കാരും ഒപ്പം സംവിധായകന്‍ പാ രഞ്ജിത്തും ചിരിക്കുന്നത് കാണാം. കാല, കബാലി എന്നീ ചിത്രങ്ങളില്‍ രജനികാന്തും പാ രഞ്ജിത്തും ഒന്നിച്ച് ജോലി ചെയ്തതാണ് എന്നതും ശ്രദ്ധേയം.
‘രഞ്ജിത്ത് രജനികാന്തിലൂടെ ദളിത് രാഷ്ട്രീയം പറഞ്ഞു. രജനികാന്തിന് അത് മനസിലായോ എന്ന് എനിക്കറിയില്ല. പക്ഷെ രഞ്ജിത്ത് അദ്ദേഹത്തിനു പറയാനുള്ള കാര്യങ്ങള്‍ രജനികാന്തിനെക്കൊണ്ട് പറയിച്ചു. അത് പ്രധാനപ്പെട്ട കാര്യങ്ങളുമാണ്,’ എന്നാണ് ഡോ. ബിജു പറഞ്ഞത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ, നിരവധി ആരാധകര്‍ രജനികാന്തിനെ പ്രതിരോധിച്ച് രംഗത്തെത്തി. സൂപ്പര്‍ സ്റ്റാര്‍ കാലയിലും കബാലിയിലും രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിച്ചകാര്യം ഇവര്‍ ചൂണ്ടിക്കാട്ടി. രജനികാന്തിനെ പ്രതിരോധിക്കാതെ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ച രഞ്ജിത്തിനെ ആരാധകര്‍ വിമര്‍ശിച്ചു. ചിലര്‍ കാലാ ഓഡിയോ റിലീസിനിടെ രജനികാന്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ചും സംവിധായകന്‍ തന്റെ സിനിമകളിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ചും നന്നായി അറിയാമെന്നും പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here