മലപ്പുറം വിവാദത്തിൽ സികെ പത്മനാഭൻ പറഞ്ഞ ഞരമ്പുരോഗികൾ ആരാണ്? ബിജെപി മുൻ അധ്യക്ഷൻ്റെ ഒളിയമ്പ് തറയ്ക്കുന്നത്…
മലപ്പുറം ജില്ലയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് ബിജെപി പരസ്യ പിന്തുണ നൽകുമ്പോൾ പാർട്ടിയെ വെട്ടിലാക്കി സംസ്ഥാന മുൻ അധ്യക്ഷൻ സികെ പത്മനാഭൻ. മലപ്പുറത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന തലക്കെട്ടിൽ സംഘപരിവാർ മുഖപത്രമായ ജൻമഭൂമിയിൽ എഡിറ്റോറിയൽ പേജിൽ ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അതെല്ലാം തള്ളിക്കൊണ്ടുള്ള അഭിപ്രായപ്രകടനവുമായി മുതിർന്ന ബിജെപി നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നാണ് പത്മനാഭൻ്റെ പ്രതികരണം. കാലാകാലങ്ങളായി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്ന ബിജെപി-ആർഎസ്എസ് നേതാക്കക്ക് നേരെയുള്ള ഒളിയമ്പ് കൂടിയാണ് അദ്ദേഹം തൊടുത്തിരിക്കുന്നത് എന്നാണ് വിലയിരുത്തലുകൾ. പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇഎംഎസ് രൂപീകരിച്ച മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ എന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം, പ്രത്യേകിച്ച് മലപ്പുറം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന പാർട്ടി ഉയർത്തുന്ന പ്രചാരണം തന്നെയാണ് പിണറായി ഉന്നയിച്ചതെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശം ഉപയോഗിക്കാൻ ബിജെപി തയ്യാറെടുക്കുമ്പോഴാണ് അതിന് വിരുദ്ധ നിലപാടുമായി സികെ പത്മനാഭൻ എത്തിയിരിക്കുന്നത്. ബിജെപി ദേശീയ നേതാക്കളായ പ്രകാശ് ജാവഡേക്കർ, അപരാജിത സാരംഗി, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത കൊച്ചിയിലെ യോഗത്തിലും വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പരാമർശം ഏറ്റെടുത്ത് പ്രചരണം തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ചു കൊണ്ട് ജൻമഭൂമി ലേഖനം പ്രസിദ്ധീകരിച്ചതും.
‘സ്വർണക്കള്ളക്കടത്തിൻ്റെ പറുദീസയായി ഇന്ന് മലപ്പുറം മാറിയിരിക്കുന്നു. ഓർക്കാപ്പുറത്ത് പറഞ്ഞ ഈ പരിഭവം ഇന്ന് വേട്ടയാടുകയാണ്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നതറിഞ്ഞിട്ടും എന്തേ തന്നെ അറിയിച്ചില്ലാ എന്നാണ് ഗവർണർ ചോദിച്ചിരിക്കുന്നത്’- എന്നാണ് ജൻഭൂമി ലേഖനത്തിൽ പറയുന്നത്. മലപ്പുറത്ത് നടക്കുന്ന സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളുമെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നത്. ഇത് ആർഎസ്എസ്- ബിജെപി നേതാക്കളുടെ നിലപാടുകളുമായി യോജിച്ചു പോകുന്നതാണ് എന്ന വിമർശനം വിവിധ കോണുകളിൽ നിന്നുമുണ്ട്. ബിജെപിയെ പരോക്ഷമായും മുഖ്യമന്ത്രിയെ പ്രത്യക്ഷമായും ഒരു പോലെ വിമർശിക്കുന്നതാണ് സികെ പത്മനാഭൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമർശം സുവർണാവസരമാക്കി ഏറ്റുപിടിച്ച് പ്രചരണം നടത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് സ്വന്തം പാളയത്തിൽ നിന്നും തിരിച്ചടിയായി വേണം അതിനെ കരുതാൻ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- CK Padmanabhan
- CK Padmanabhan against BJP
- CK Padmanabhan against BJP Leaders
- CK Padmanabhan against RSS BJP stand
- CM INTERVIEW IN HINDU
- CM Pinarayi Vijayan controversal interview in Hindu
- gold smuggling Malapuram
- gold smuggling Malapuram statement
- Janmabhumi
- K Surendran
- malapuram
- Malapuram statement
- rss bjp kerala
- Rss mouthpiece Janmabhumi