മനുഷ്യരെ കൊന്നു തിന്നാറില്ല!! കടുവകൾ നരഭോജികളാവുന്നത് ഇങ്ങനെ; പഞ്ചാരക്കൊല്ലിയിലും സംഭവിച്ചത്…

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. ഇരപിടിക്കാൻ പോലും കഴിയാത്ത തരത്തിൽ അവശനായ വയസൻ കടുവയെയാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയത്. വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കടുവയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കടുവയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാകാം എന്നാണ് നിഗമനം. രാധയുടെ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ കടുവ അത് ഭക്ഷിച്ചിരുന്നു. പകുതി തിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇതോടെ വീട്ടമ്മയെ ആക്രമിച്ചത് വേട്ടയാടാന്‍ കഴിയാത്ത വയസൻ കടുവയാണ് എന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. സാധാരണ കടുവ മനുഷ്യനെ കൊന്നു തിന്നാറില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കടുവ മനുഷ്യനെ ആക്രമിക്കാറുള്ളത്. അതിൽ ഭക്ഷണത്തിന് വേണ്ടി ആക്രമിക്കുന്നത് വളരെ അപൂർവ്വവുമാണ്. അതാണ് ഇങ്ങനെ ഒരു സംശയത്തിന് ഇടയാക്കിയിരുന്നത്.

ALSO READ : പഞ്ചാരക്കൊല്ലിയെ വിറപ്പിച്ചത് തീര്‍ത്തും അവശനായ കടുവ; എങ്ങനെ രാധയെ പിടിച്ചു എന്ന് ചിന്തിച്ച് വനംവകുപ്പ്

മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലും വേട്ടയാടാൻ കഴിയാത്ത അവസ്ഥയിലുമാണ് (മിക്കവാറും പ്രായം ചെല്ലുമ്പോൾ) മനുഷ്യനു നേരെ തിരിയാറുള്ളതും കൊന്ന് ഭക്ഷിക്കാറുള്ളതും. മറ്റ് ചില സാഹചര്യങ്ങളില്‍ മനുഷ്യനെ സ്വയരക്ഷക്കായി ആക്രമിക്കാറുണ്ടെങ്കിലും തിന്നാറില്ല. എന്നാൽ ഒരുതവണ മനുഷ്യമാംസം രുചിച്ചു കഴിഞ്ഞാൽ മിക്ക കടുവകളും പിന്നേയും മനുഷ്യനെ ആക്രമിക്കാറുണ്ട്. ‌

രാത്രികളാണ് ഇരപിടിക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയില്‍ കടുവ പ്രധാനമായും മനുഷ്യവേട്ടക്കായി തിരഞ്ഞെടുക്കുന്നത്. മണംപിടിച്ചെത്തി വഴിയിൽ കാത്തിരുന്ന് ആക്രമിക്കുകയാണു പതിവ്. വയനാട്ടിൽ രാധയെ കൊന്നതിന് ശേഷം മറ്റ് മൃഗങ്ങളെയൊന്നും കടുവ പ്രദേശത്ത് നിന്നും പിടിച്ചിരുന്നില്ല. ഇതാണ് വനംവകുപ്പ് അധികൃതരേയും നാട്ടുകാരെയും കൂടുതൽ ആശങ്കയിൽ ആഴ്ത്തിയത്. ഇതിന് ശേഷമാണ് നരഭോജിയായി പ്രഖ്യാപിച്ച് കടുവയെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചത്.

ALSO READ : ‘എന്ത് വില കൊടുത്തും കടുവയെ വെടിവച്ച് കൊല്ലുക; ഇതെൻ്റെ ഉത്തരവാണ്’; ആദ്യാവസാനം ശക്തമായ നിലപാട് മുഖ്യമന്ത്രിയുടേത്

വയസൻ കടുവകൾക്ക് എല്ലാം തൻ്റെ വിഹാരകേന്ദ്രമായിരുന്ന കാട് ഉപേക്ഷിക്കുന്ന ഒരു ഘട്ടം വരും. കാട്ടിൽ എകദേശം അമ്പത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് കടുവ തൻ്റെ സാമ്രാജ്യമായി കണക്കാക്കുന്നത്. അവിടെ ഈ കടുവ മാത്രമേ കാണുകയുള്ളു. ഏറ്റുമുട്ടലിലൂടെ അതിനെ തോല്പിച്ച് മാത്രമേ മറ്റൊരു കടുവയ്ക്ക് അവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു. ഒരു കടുവയ്ക്ക് വയസായാൽ അതിനെ തോൽപിച്ച് മറ്റൊരു കടുവ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കുകയാണ് പതിവ്. ഈ എറ്റുമുട്ടലിന് ശേഷം സ്വന്തം സാമ്രാജ്യം ഉപേക്ഷിക്കാൻ വയസൻ കടുവകൾ നിർബന്ധിതരാവും.

വേട്ടയാടാനും ഇരപിടിക്കാനുമുള്ള കഴിവ് നഷ്ടമാകുമ്പോള്‍ സ്വയം കാടിറങ്ങുന്ന കടുവകളുമുണ്ട്. മുമ്പ് പറഞ്ഞ തരത്തിൽ നടന്ന ഒരു ഏറ്റുമുട്ടലിലാവാം പഞ്ചാരകൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായിരിക്കുന്നത്. ഗുരുതരമായ പരുക്കേറ്റ ശേഷമായിരിക്കും കടുവ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് എന്ന സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇരപിടിക്കാനാകാതെ പുറത്തുവരുന്ന കടുവകളാണെങ്കിലും ആദ്യം പശുവിനെയോ ആടിനെയോ ആയിരിക്കും പിടിക്കുക. അതിനും ഗതിയില്ലാത്ത കടുവകളാണ് മനുഷ്യനെ പിടിക്കുക എന്നതാണ് വസ്തുത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top