പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ഇപ്പോഴത്തെ പേഴ്സണല്‍ സ്റ്റാഫംഗം, നിയമനം ഉപകാരസ്മരണ; കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: ലാവലിൻ ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി കേസിൽ പിണറായി വിജയന് ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്‍കംടാക്സ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍. മോഹന്‍ ആണ് 2008ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിണറായിക്ക് അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായിട്ടാണ് മോഹന് പേഴ്സണല്‍ സ്റ്റാഫില്‍ ഇടം ലഭിച്ചതെന്നും ഷോണ്‍ ആരോപിച്ചു. ഇയാളുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പട്ടികയിലെ നാലാമത്തെ ആളാണ്‌ ആര്‍. മോഹന്‍. 2016 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്‌പെഷ്യല്‍ ഓഫീസറാണ്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയില്‍ സൂചിപ്പിച്ചപ്പോഴാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. വളരെ അവിചാരിതമായിട്ടാണ് ആര്‍. മോഹന്‍റെ പേര് തന്‍റെ ശ്രദ്ധയില്‍ പെട്ടതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം സിംഗപ്പൂരില്‍ ഇല്ലെന്ന് അസിസ്റ്റന്റ്‌ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് മോഹനാണ്. ക്രൈം നന്ദകുമാര്‍ നല്‍കിയ കേസിലാണ് ആര്‍. മോഹന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ലാവലിന്‍ കേസില്‍ പിണറായി എങ്ങനെ കുറ്റവിമുക്തനായി എന്നാണ്‌ ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top