കുഞ്ഞ് കരയുന്നതിന് മുന്‍പ് വായില്‍ തുണി തിരുകി; കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കി; എങ്ങനെ കൊല്ലണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും യുവതിയുടെ മൊഴി

കൊച്ചി: പനമ്പിള്ളിനഗറില്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് വിവരം. ശിശുവിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി മൊഴി നല്‍കി. പ്രസവിച്ച ഉടന്‍ കുഞ്ഞിന്‍റെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കി. ഇതിനിടെ കുഞ്ഞിനെ എങ്ങനെ കൊല്ലണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പറയുന്നു. മുന്‍പ് അബോര്‍ഷന്‍ ചെയ്യാനും ശ്രമമുണ്ടായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും അമ്മ വന്ന് വാതില്‍ മുട്ടിയതോടെ കൈയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിനിടെ പരിഭ്രാന്തിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായും യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ഇതര സംസ്ഥാനത്ത് പഠിക്കുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതി കഴിഞ്ഞ വര്‍ഷമാണ്‌ കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനായി ചേര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ യുവതി മൊഴി നല്‍കുന്ന പക്ഷം കേസെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. അതേസമയം യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്‍റെ നീക്കം. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവശേഷമുള്ള അവശതകള്‍ ഉള്ളതിനാല്‍ യുവതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയശേഷം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം. സംഭവത്തില്‍ കേസെടുത്ത ബാലവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാവിലെ 8മണിക്കാണ് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റിന്‍റെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിനു മധ്യേ കണ്ടെത്തിയത്. ആ വഴി കടന്നുപോയ സ്കൂള്‍ വാനിന്റെ ഡ്രൈവര്‍ ആണ് ആദ്യം കണ്ടത്. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു. മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലെ ബാര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ ആണ് തൊട്ടടുത്ത അഞ്ചാം നിലയിലെ ഫ്ലാറ്റിന്‍റെ വിലാസം ലഭിച്ചത്. ഫ്ലാറ്റിലെ ശുചി മുറിയില്‍ കണ്ടെത്തിയ രക്തക്കറകളാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായകമായത്. നിലവില്‍ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top