സര്‍ക്കാര്‍ കണ്ടെത്തിയ മാനസാന്തരം ഉണ്ടായിട്ടില്ല; കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ ആക്രമിച്ചതിന് പുതിയ കേസ്

ജയിലിലെ നല്ല നടപ്പും മാനസാന്തരവും പരിഗണിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ജയിലിനുള്ളില്‍ സഹതടവുകാരിയെ ആക്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വിദേശ വനിതയായ തടവുകാരിയാണ് ആക്രമണത്തിന് ഇരയായത്. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് കേസ്. ഈ മാസം 24നാണ് സംഭവമുണ്ടായത്. ഇതില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാര്‍ണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ്. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ തന്നെ വലിയ വിവാദം ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാരാണ് ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടത്തുന്നതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. പ്രതിക്ക് മാനസാന്തരം ഉണ്ടായതു കൊണ്ടാണ് ശുപാര്‍ശ നല്‍കിയതെന്നായിരുന്നു ജയില്‍ ഉപദേശക സമിതി അംഗങ്ങളായി സിപിഎം വനിതാ നേതാക്കള്‍ ന്യായീകരണം നിരത്തിയത്.

ജയിലില്‍ ഷെറിന് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. സഹതടവുകാരെ ആക്രമിക്കുന്നത് പതിവാണെന്നും ഇതില്‍ ഷെറിന് അധികാരികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top