മീശ’ കഥാകാരൻ എസ്.ഹരീഷിൻ്റെ പുതിയ രചന; നിർമാണം അൻജന ഫിലിപ്പ് – വി.എ.ശ്രീകുമാർ; ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ സിനിമ തുടങ്ങുന്നു

കൊച്ചി: ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾക്ക് ശേഷം പ്രശസ്ത കഥാകാരൻ എസ്.ഹരീഷ് തിരക്കഥ എഴുതുന്ന പുതിയ ചിത്രം തുടങ്ങുന്നു. മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവ് അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും, സിനിമ-പരസ്യചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ.ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. പ്രേം ശങ്കറാണ് സംവിധാനം. തെക്ക് വടക്ക് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പൂജ ഫെബ്രുവരി 12ന് നടക്കും. മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്.

ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറായും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകളുടെ പരസ്യചിത്ര സംവിധായകനായും പ്രവർത്തിച്ച പ്രേം ശങ്കറിന്റെ രണ്ടാമത് സിനിമയാണിത്. ആദ്യ ചിത്രം ‘രണ്ടു പേർ’ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു. ഹരീഷിനൊപ്പം രചനയിലും പ്രേം ശങ്കർ പങ്കാളിയാണ്.

പാലക്കാടൻ പശ്ചാത്തലത്തിലുള്ള ഹാസ്യപ്രമേയമാണ് ചിത്രത്തിന്റേത്. വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് നായകവേഷത്തിൽ. ഇതുവരെ അഞ്ചു കഥകളാണ് ‘കഥയാണ് കാര്യം’ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി.ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകൾ. മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top