നായബ് സിംഗ് സെയ്നി പുതിയ ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്, ലോക്സഭ തിരഞ്ഞെടുപ്പിൽ ജെജെപി ഒറ്റയ്ക്ക് മത്സരിക്കും

ചണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടർ രാജിവച്ചതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ചുമതലയേൽക്കും. ഇന്ന് വൈകിട്ടാണ് സത്യപ്രതിജ്ഞ. ജൻനായക് ജനത പാർട്ടിയുടെ (ജെജെപി) പിന്തുണയോടെയാണ് ബിജെപി ഹരിയാനയിൽ ഭരണം നിലനിർത്തിയിരുന്നത്. സഖ്യത്തിൽ നിന്ന് ജെജെപി പിന്മാറിയതോടെ മന്ത്രിസഭ വീഴുമെന്ന ഘട്ടത്തിലാണ് ഖട്ടർ രാജി സമർപ്പിച്ചത്.

ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖട്ടര്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ ചുമതലയേൽക്കുന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ ബിജെപിക്ക് 41 എംഎൽഎമാരുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണം. സ്വതന്ത്രർക്ക് പുറമെ ലോക്ഹിത് പാർട്ടിയുടെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണക്കുന്നുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ 10 ലോക്സഭാ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ രണ്ട് സീറ്റ് തങ്ങൾക്ക് വേണമെന്ന് ജെജെപി ആവശ്യപ്പെട്ടതാണ് ഭിന്നതയ്ക്ക് വഴിവച്ചത്. സിറ്റിംഗ് സീറ്റുകൾ നൽകില്ലെന്ന് ബിജെപി അറിയിച്ചതോടെയാണ് ജെജെപി സഖ്യത്തിൽ നിന്ന് പിന്മാറിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top