ഹിറ്റ്മാന് പകരം ബുംറ!! അതുവരെ ‘കാവൽ ക്യാപ്റ്റനായി’ തുടരുമെന്ന് രോഹിത്; പുതിയ നായകന് പൂർണ പിന്തുണയറിയിച്ചു
കഴിഞ്ഞ എട്ട് ടെസ്റ്റുകളിൽ ആറെണ്ണം ഇന്ത്യ തോറ്റതിൻ്റെ പശ്ചാത്തലത്തിൽ ബിസിസിഐയുടെ ഉന്നതതല യോഗം. ബോർഡ് ഭാരവാഹികൾ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ , ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ മുംബൈയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.
ന്യൂസിലൻഡിനെതിൽ സ്വന്തം നാട്ടിലേറ്റ സമ്പൂർണ പരമ്പര തോൽവിയും, ബോർഡർ – ഗവാസ്കർ ട്രോഫി പരാജയും, ടെസ്റ്റ്, ഏകദിന ടീമിൻ്റെ ഭാവി ക്യാപ്റ്റൻമാർ ആരെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തു. തൻ്റെ പിൻഗാമിയെ സെലക്ടർമാർ തിരഞ്ഞെടുക്കുന്നത് വരെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ രോഹിത് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ബോർഡ് ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത കുറച്ച് മാസത്തേക്ക് താൻ ക്യാപ്റ്റനായി തുടരുമെന്നും ആരെ തിരഞ്ഞെടുത്താലും തൻ്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് രോഹിത് ശർമ ബിസിസിഐ യോഗത്തിൽ പറഞ്ഞു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റ് ക്യാപ്റ്റനെ തീരുമാനിക്കുക.
ഏകദിന ഫോർമാറ്റിൽ രോഹിത് ക്യാപ്റ്റനായി തുടരാനും യോഗം തീരുമാനിച്ചു.കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും ക്യാപ്റ്റനായ രോഹിത് ശർമ വിരമിച്ചിരുന്നു. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടി20 ടീമിൻ്റെ നായകൻ. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനായി പേസർ ജസ്പ്രിത് ബുംറ എത്തുമെന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യവും യോഗത്തിൽ ചർച്ചയായി.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ രോഹിത്തിൻ്റെ അഭാവത്തിൽ ബുംറയാണ് ടീം ഇന്ത്യയെ നയിച്ചത്. ആ മത്സരത്തിൽ വിജയിക്കാനുമായി. മോശം ഫോമിനെ തുടർന്ന് അവസാനമത്സരത്തിലും ബുംറയാണ് ഇന്ത്യയെ നയിച്ചത്. എന്നാൽ മത്സരത്തിന് ഇടയ്ക്ക് അദ്ദേഹത്തിന് പിൻമാറേണ്ടിവന്നു. പിന്നീട് വിരാട് കോഹ്ലിയാണ് മത്സരത്തിൽ ടീമിനെ നയിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നെടുംതൂണായ പേസർ ബുംറയ്ക്ക് വർക്കിംഗ് ലോഡ് കൂടുതൽ നൽകിയാൽ അത് അദ്ദേഹത്തിൻ്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും ബിസിസിഐക്ക് ഉണ്ട്. അതിനാൽ ഇക്കാര്യം പിന്നീട് വിശദമായ ചർച്ച ചെയ്ത് ശേഷം തീരുമാനിക്കാമെന്നായിരുന്നു യോഗത്തിൽ ബോർഡ് സ്വീകരിച്ച നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here