ഹൈക്കോടതി കളമശേരിയിലേക്ക്; അന്തിമ ധാരണയായെന്ന് നിയമമന്ത്രി പി.രാജീവ്, 17ന് സ്ഥലപരിശോധന
കൊച്ചി: ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാൻ തീരുമാനമായെന്ന് നിയമമന്ത്രി പി. രാജീവ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ധാരണയായത്. ഹൈക്കോടതി ജഡ്ജിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യത്തിൽ കളമശേരിയിൽ ഫെബ്രുവരി 17ന് സ്ഥലപരിശോധന നടക്കും.
27 ഏക്കര്‍ സ്ഥലമാണ് ജുഡീഷ്യൽ സിറ്റിക്കായി കളമശേരിയിൽ കണ്ടെത്തിയത്. 60 വ്യത്യസ്ത കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് കളമശേരിയിൽ നിർമിക്കുക. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അധികസ്ഥലം ആവശ്യമുണ്ടെങ്കിൽ അത് കണ്ടെത്തും. ഭാവിയിലെ ആവശ്യങ്ങൾകൂടി പരിഗണിച്ച് 28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയം നിർമിക്കാനാണ് തീരുമാനം.
ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഇതില്‍ ഉള്‍പ്പെടും. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം കോടതി മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here