സര്‍ക്കാര്‍ കോളേജിന് സിപിഐ നേതാവിന്റെ പേര്; നെടുമങ്ങാട് ഗവ.കോളേജിന് കെവി സുരേന്ദ്രനാഥിന്റെ പേര് നല്‍കാന്‍ തീരുമാനം; ഉത്തരവ് ഉടനിറങ്ങും

സിപിഐ നേതാവ് കെവി സുരേന്ദ്രനാഥിന്റെ പേര് സര്‍ക്കാര്‍ കോളേജിന് നല്‍കാന്‍ തീരുമാനം. നെടുമങ്ങാട് സര്‍ക്കാര്‍ കോളേജിനാണ് സുരേന്ദ്രനാഥിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. കെവി സുരേന്ദ്രനാഥ് സ്മാരക സര്‍ക്കാര്‍ കോളേജ് എന്നാകും പേരെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് തലശേരി ചൊക്ലിയിലെ സര്‍ക്കാര്‍ കോളേജിന് നല്‍കിയിരുന്നു. ഇതിന് സമാനമായാണ് തലസ്ഥാനത്തേയും കോളേജിന് കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേര് നല്‍കുന്നത്.
നെടുമങ്ങാട് സിപിഐ സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന നിയമസഭാ മണ്ഡലമാണ്. നിലവില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് നെടുമങ്ങാട് എംഎല്‍എ. സിപിഐയുടെ തിരുവനന്തപുരത്തെ തലമുതിര്‍ന്ന നേതാവായിരുന്നു കെവി സുരേന്ദ്രനാഥ്. 1980ലെ ഏഴാം നിയമസഭയിലും 1987ലെ എട്ടാം നിയമസഭയിലും സുരേന്ദ്രനാഥ് അംഗമായിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറി നിന്ന സുരേന്ദ്രനാഥ് 1996ലാണ് വീണ്ടും മത്സരത്തിന് ഇറങ്ങിയത്
കോണ്‍ഗ്രസ് കുത്തക മണ്ഡലമാക്കി മാറ്റിയിരുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു മത്സരം. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വമ്പന്‍ വിജയം നേടി എ ചാള്‍സായിരുന്നു എതിരാളി. വിജയം ഉറപ്പാക്കി മത്സരത്തിനിറങ്ങിയ ചാള്‍സിനെ സുരേന്ദ്രനാഥ് അട്ടിമറിച്ചു. 20802 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേന്ദ്രനാഥിന്റെ വിജയം. 1998ലെ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനാഥ് പരാജയപ്പെട്ടു. സാക്ഷാല്‍ കെ കരുണാകരനോട് 15398 വോട്ടിനായിരുന്നു പരാജയം.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ച കെവി സുരേന്ദ്രനാഥിനെ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും സ്‌നേഹപൂര്‍വ്വം സുരേന്ദ്രനാശാന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. 2005 സെപ്റ്റംബര്‍ ഒന്‍പതിനാണ് കെവി സുരേന്ദ്രനാഥ് അന്തരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here