ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന കൊലയാളിയെ മോചിപ്പിക്കാന്‍ സമരം ചെയ്ത മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയാകുമ്പോള്‍ ധാരാസിംഗ് പുറത്തുവരുമോ

ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടെരിച്ച ഹിന്ദുത്വ തീവ്രവാദി ധാരാസിംഗിന്റെ മോചനത്തിനായി സമരം നടത്തിയ നേതാവാണ് പുതിയ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. സുദര്‍ശന്‍ ടിവി ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കെ, മോഹന്‍ മാജി എന്നിവരുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കിയോഞ്ചാര്‍ ജില്ലാ ജയിലിന് മുന്നിലായിരുന്നു സത്യഗ്രഹം നടത്തിയത്.

ധാരാസിംഗിനെ സന്ദര്‍ശിക്കാനെത്തിയ സുദര്‍ശന്‍ ടിവി എഡിറ്ററായ സുരേഷ് ചവാങ്കെയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. ധാരാസിംഗിനെ എത്രയും വേഗം മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒഡീഷയിലെ പ്രധാനപ്പെട്ട പട്ടിക വര്‍ഗ്ഗ വിഭാഗമായ സന്താള്‍ വിഭാഗത്തില്‍പ്പെട്ട സംഘപരിവാര്‍ നേതാവാണ് മാജി. സുദര്‍ശന്‍ ടിവിയിലൂടെ കടുത്ത മുസ്ലിംവിരുദ്ധ പ്രചരണം നടത്തുന്നയാളാണ് സുരേഷ് ചവാങ്കെ.

ഒഡീഷയിലെ ഗ്രാമങ്ങളില്‍ കുഷ്ഠരോഗികളെ പരിപാലിച്ചു പോന്ന ക്രിസ്ത്യന്‍ പാസ്റ്ററായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. 1999 ജനുവരി 22-ന് പത്ത് വയസ്സായ ഫിലിപ്പ്, ആറ് വയസ്സായ തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം, ഒഡീഷയിലെ മനോഹരപൂര്‍ ഗ്രാമത്തില്‍ തന്റെ സ്റ്റേഷന്‍ വാഗന്‍ വണ്ടിയില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ധാരാസിംഗിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വാഹനത്തിന് തീ കൊളുത്തിയത്. മൂന്നു പേരും വെന്തുമരിച്ചു. ഈ സംഭവം രാജ്യത്തിന് അന്താരാഷ്ട്രതലത്തില്‍ വലിയ നാണക്കേടുണ്ടാക്കിയിരുന്നു. എബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ദാരുണ സംഭവമുണ്ടായത്.

2003ല്‍ ധാരാസിംഗിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അയാളുടെ അടുത്ത കുടുംബാംഗങ്ങളെ മാത്രമാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ കോടതി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കോടതി തീരുമാനം ലംഘിച്ചു കൊണ്ടാണ് ധാരാസിംഗിനെ കാണാന്‍ സുരേഷ് ചവാങ്കെയും മാജിയും ജയിലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് മോഹന്‍ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്നലെ അധികാരമേറ്റത്. 147 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 78 സീറ്റാണുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top