സൈന്യത്തിൽ ജോലി ചെയ്തെങ്കിലും സൈനിക പരിശീലനം നേടാത്ത ഷംസുദീൻ പോലീസിന് നേരെ വെടിയുതിർത്തു; കൈവശം പലവിധ ആയുധങ്ങളും

പുതുവർഷത്തിൽ അമേരിക്കയെ നടുക്കിയ രണ്ട് ആക്രമണങ്ങളിലെയും പ്രതികൾക്ക് സൈനിക പശ്ചാത്തലം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാസ് വേഗാസിൽ കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട മാത്യു ലിവൽസ്ബർഗർ സൈനികനായി തന്നെയാണ് പരിശീലനം നേടിയതെങ്കിൽ, ന്യൂ ഓർലിയൻസിൽ ആളുകൾക്ക് മേലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഷംസുദീൻ ജബ്ബാർ സൈന്യത്തിൽ എച്ച്ആർ – ഐടി വിഭാഗങ്ങളിലാണ് ജോലിചെയ്തത്. അതുകൊണ്ട് തന്നെ ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം ഔദ്യോഗികമായി നേടിയിട്ടില്ല.
ബുധനാഴ്ച പുലർച്ചെ ട്രക്ക് കയറ്റി 14 പേരെ കൊലപ്പെടുത്തിയ സ്ഥലത്ത് തന്നെ ഇയാൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോലീസിന് നേരെ വെടിയുതിർത്തു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഷംസുദീൻ കൊല്ലപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ശരീരകവചം ധരിച്ചിരുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നിലേറെ ആയുധങ്ങൾ; ഒരു നീളൻ തോക്കും ഒരു കൈത്തോക്കും കാറിൽ നിന്ന് കിട്ടി. കൂടാതെ ആക്രമണത്തിന് മുൻപ് തന്നെ ഇതിനടുത്ത് രണ്ടിടത്ത് ഇയാൾ ബോംബുകൾ വച്ചതായി കണ്ടെത്തി.
ആക്രമണശേഷം നടത്തിയ പരിശോധനയിൽ ട്രക്കിൽ നിന്ന് ഐഎസ്ഐഎസ് തീവ്രവാദ സംഘത്തിൻ്റെ പതാക കിട്ടിയതായി എഫ്ബിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇയാൾക്ക് മറ്റ് ആളുകളുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് സംശയിക്കുന്നത്. എന്നാൽ അതിനുള്ള സൂചനയൊന്നും ഇതുവരെയും കിട്ടിയിട്ടില്ല. ഇയാളുടെയും അടുപ്പക്കാരുടെയും ഫോണുകളും ലാപ്ടോപ്പും അടക്കമെല്ലാം വിശദ പരിശോധനക്ക് വിധേയമാക്കുകയാണ് അമേരിക്കൻ പോലീസും സൈനിക ഏജൻസികളും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here