പോലീസ് ആദ്യം പീഡനമൊഴി പൂഴ്ത്തിയെന്ന് യുവതി; നിവിൻ പോളിക്കെതിരായ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ

നടൻ നിവിൻ പോളിക്ക് എതിരെ ഉന്നയിച്ച ലൈംഗിക പീഡനത്തിൽ തെളിവുകളൊന്നും തന്റെ കൈവശമില്ലെന്ന് നേര്യമംഗലം സ്വദേശിനി. ദുബായിലെ ഫ്ലോറാ ക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്. മുമ്പ് പരാതി നൽകിയപ്പോഴും പീഡന വിവരം ഊന്നുകല്‍ പോലീസിനെ അറിയിച്ചിരുന്നു. അവർ മൊഴിയിൽ നിന്നും അത് ഒഴിവാക്കിയെന്നും യുവതി ഇന്ന് ആരോപിച്ചു.
പരാതിക്കാരിയെ അറിയില്ലെന്നും ആരോപണം വ്യാജമാണെന്നുമാണ് കേസെടുത്തതിന് പിന്നാലെ നിവിൻ പോളി പ്രതികരിച്ചിരുന്നത്. മുമ്പും തനിക്കെതിരെ ഇതേ പോലീസ് സ്റ്റേഷനിൽ മർദ്ദന പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. പരാതിക്കാരി പ്രശസ്തിക്ക് വേണ്ടി ചെയ്തതാവാം എന്നുമാണ് ഒന്നര മാസം മുമ്പ് പോലീസ് തന്നെ അറിയിച്ചതെന്നും നടൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി യുവതി വീണ്ടും രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് താൻ പീഡനത്തിന് ഇരയായത്. ഡിസംബർ 17ന് തിരികെ നാട്ടിലെത്തി. അഞ്ച് മാസത്തിന് ശേഷമാണ് പരാതി നൽകിയത്. വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ പരാതി നൽകാൻ അദ്ദേഹമാണ് ആത്മവിശ്വാസം നൽകിയത്. അന്ന് താന്‍ നേരിട്ട കൊടുംക്രൂരമായ പീഡനങ്ങളെപ്പറ്റി വിശദമായ മൊഴി നൽകിയിരുന്നു. പരാതി നൽകിയപ്പോൾ അത് എഴുതി നൽകിയില്ല. സർക്കിളിനോട് പീഡനവിവരം വെളിപ്പെടുത്തിയെങ്കിലും അത് മൊഴിയിൽ ഉൾപ്പെടുത്തിയില്ലെന്നും യുവതി ആരോപിച്ചു.
പീഡനസമയം സമയം താൻ ഉപയോഗിച്ചിരുന്ന ഫോൺ നടൻ്റെ കൈവശമാണ്. മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി മുറിയിൽ പൂട്ടിയിട്ടാണ് ഉപദ്രവിച്ചത്. മൂന്ന് ദിവസം തനിക്ക് ഭക്ഷണം പോലും തന്നില്ല. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ ബലമായി പിടിച്ചെടുത്തു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ ഒന്നിനും ഡിസംബർ 15നും ഇടയിൽ നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത ശേഷമാണ് പീഡനം. യൂറോപ്പിൽ ജോലി നൽകാം എന്ന് പറഞ്ഞ് സുഹൃത്തായ ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി ദുബായിലെത്തിച്ചു. പിന്നീട് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിർമാതാവ് എകെ സുനിലിനും (രാഗം സുനിൽ) നിവിൻ പോളിക്കും അടുത്ത് എത്തിക്കുകയായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
നടൻ ഉൾപ്പെടെ ആറുപേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഊന്നുകല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 376, 376 (ഡി), 354 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നടൻ. ശ്രേയയാണ് ഒന്നാം പ്രതി.
നിർമാതാവ് എകെ സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് യഥാക്രമം മറ്റു പ്രതികൾ. കഴിഞ്ഞ വർഷം വിദേശത്ത് വച്ച് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചെന്ന് ഊന്നുകൽ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here