ലഷ്കർ അടക്കം മൂന്ന് ഭീകര സംഘടനകളുടെ സംയുക്ത ക്യാമ്പ് പാകിസ്ഥാനിൽ; കാവലിന് പാക് സേന; തിരഞ്ഞെടുത്തത് ലാദന്റെ ഒളിത്താവളം

ഇന്ത്യ നിരോധിച്ച ലഷ്‌കറെ തയിബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്ഷെ മുഹമ്മദ് എന്നീ മൂന്ന് ഭീകര സംഘടനകൾ ഒത്തുചേർന്ന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ സംയുക്ത പരിശീലന ക്യാമ്പ് സ്ഥാപിച്ചതായി റിപ്പോർട്ട്. പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കാമ്പസിന് സമീപത്തായാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ സേനാ താവളം തൊട്ടടുത്ത് തന്നെയാണ്. ഇവരുടെ കണ്ണിൽപ്പെടാതെ പുറത്തുനിന്നാർക്കും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല.

പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മേധാവിക്കാണ് ക്യാമ്പിന്റെ മേൽനോട്ട ചുമതല. റിക്രൂട്ട് ചെയ്യപ്പെടുന്ന യുവതി, യുവാക്കൾക്ക് ആയുധ പരിശീലനം അടക്കം ഇവിടെ നൽകുന്നുണ്ട്. ഹാഫിസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, മസൂദ് അസ്ഹർ തുടങ്ങി ലഷ്‌കർ, ഹിസ്‌ബുൾ, ജെയ്‌ഷെ ഭീകര സംഘടന തലവൻമാരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഈ മൂന്നുപേരും എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിലുള്ളവരാണ്. മൂന്ന് സംഘടനകളിലേക്കുമുള്ള റിക്രൂട്ടിങ് കേന്ദ്രമായാണ് പുതിയ ക്യാമ്പ് പ്രവർത്തിക്കുന്നത്.

കൊല്ലപ്പെട്ട അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദൻ ഒളിവിൽ താമസിച്ചിരുന്ന വീട് അബോട്ടാബാദിലായിരുന്നു. ഇവിടെ വച്ചാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ ഫോഴ്‌സ് മിലിട്ടറി യൂണിറ്റിന്റെ ആക്രമണത്തിൽ ബിൻ ലാദൻ വെടിയേറ്റ് മരിച്ചത്. 2012ൽ പാക്കിസ്ഥാൻ ഈ കെട്ടിടം തകർത്തു. ഇവിടെയാണ് ഭീകര സംഘടനകൾ സംയുക്ത ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ പരിശീലന കേന്ദ്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിട്ടുള്ളത്. ബാരാമുള്ള ജില്ലയിൽ സൈനിക വാഹനത്തിന് നേരെ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനു മുൻപ് ഗന്ദർബാലിൽ ഉണ്ടായ ഭീരാക്രമണത്തിൽ ആറ് നിർമ്മാണ തൊഴിലാളികളും ഒരു ഡോക്ടറും വെടിയേറ്റ് മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top