മാസപ്പടിയിൽ പുതിയ ട്വിസ്റ്റ്; സിപിഎമ്മിനെ ഡേറ്റ് വെട്ടിലാക്കുമോ?; കോടതിയില്‍ പോകാന്‍ വെല്ലുവിളിച്ച് എ.കെ. ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ മാസപ്പടി വിവാദത്തിൽ പുതിയ ട്വിസ്റ്റ്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന ധനവകുപ്പിൻ്റെ സ്ഥിരീകരണമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ധനവകുപ്പിൻ്റെ വിശദീകരണം വന്നതോടെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണം എന്നാവശ്യവുമായി സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പിനെയും വെട്ടിലാക്കുന്ന ചോദ്യവുമായി മാത്യു കുഴൽനാടൻ്റെ ഇന്നത്തെ എൻട്രി.

ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും അത് മറച്ച് വച്ച് വീണ ജിഎസ്ടി അടച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് കുഴൽനാടൻ്റെ പുതിയ ആരോപണം. ഇതിനെ സാധൂകരിക്കുന്ന വസ്തുതകളും കുഴൽനാടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് മുഖ്യവിഷയം. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്ന് മുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടിലുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

2.80 കോടി രൂപ വീണാ വിജയന്‍ സിഎംആർ എല്ലിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 2.20 കോടി രൂപയ്ക്ക് നികുതി അടച്ചു. എന്നാൽ 60 ലക്ഷത്തിന് നികുതി അടച്ചിട്ടില്ലെന്നുമുള്ള ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണ്. തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നുമാണ് കുഴൽനാടൻ്റെ പ്രതികരണം.

കുഴൽനാടൻ്റെ തിരിച്ചടിക്ക് മറുപടിയുമായി സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പതിവ് പോലെ തന്നെ മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർക്കാൻ ആദ്യമെത്തിയത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലനുമാണ്. മാതൃ കുഴൽനാടന്റെ മലക്കം മറിച്ചിൽ പൊതുജനം കാണുന്നുണ്ടെന്നും വീണയ്‌ക്കെതിരായ ആരോപണം മാസപ്പടി വിവാദം എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും പറയാൻ കഴിയില്ലെന്നുമാണ് ബാലൻ്റെ വിശദീകരണം. ഓരോ ദിവസവും കള്ളപ്രചരണവുമായി വരരുത്. കുഴൽനാടൻ ഉന്നയിച്ച രണ്ടു വിഷയങ്ങൾക്കും രേഖാപരമായി മറുപടി നൽകിയിട്ടുണ്ട്. ഉത്തരവാദിത്തത്തോടെയാണ് കുഴൽ നാടൻ ആരോപണം ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാം.അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിൽ വലിച്ചിഴക്കുന്നു. കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും കുഴൽനാടൻ മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ്. രജിസ്റ്റർ ചെയ്തതിന് മുൻപ് എങ്ങനെ നികുതിയടച്ചത് എന്നത് ജിഎസ്ടി കമ്മീഷണർ ആണ് പറയേണ്ടതെന്നും വീണയല്ലെന്നുമാണ് ബാലൻ്റെ പ്രതികരണം.

അതേ സമയം; വീണയുടെ മാസപ്പടി വിവാദം അടുത്തിടെയൊന്നും ഒടുങ്ങില്ല എന്ന സൂചനയാണ് ഇന്നത്തെ മാത്യു കുഴൽനാടൻ്റെ വാർത്താ സമ്മേളനം നൽകുന്നത്. ആരോപണവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. നേരത്തേ, സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ പണം നൽകിയതെന്ന ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തൽ പുറത്ത് വന്നതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇടപാടിൽ മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം ആയുധമാക്കി.

മാസപ്പടി വിവാദത്തിൽ പ്രതിരോധത്തിലായിരുന്ന സിപിഎം കേന്ദ്രങ്ങൾക്ക് ഒരു പിടിവള്ളിയായിരുന്നു വീണ നികുതി അടച്ചിരുന്നു എന്ന ധനവകുപ്പിൻ്റെ സ്ഥിരീകരണം. ഇത് ഉപയോഗിച്ച് പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാനും സിപിഎം നേതാക്കൾ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. അതിനിടയിലാണ് പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ വീണ്ടുമെത്തുന്നത്.

Logo
X
Top