ഒന്ന് കെട്ടിപ്പിടിക്കാൻ എത്ര സമയം വേണ്ടി വരും? വിമാനത്താവളത്തിൽ യാത്ര പറയുന്നവർക്ക് 20 സെക്കന്റ് ധാരാളമെന്ന് അധികൃതർ!!

എന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രകൾക്കായി പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുന്നവരുടെ വൈകാരിക നിമിഷങ്ങൾക്ക് വിമാനത്താവളങ്ങൾ ആണ് പലപ്പോഴും സാക്ഷ്യം വഹിക്കുക. ഒന്ന് കെട്ടിപ്പിടിച്ചും ഒരു ചുംബനം നൽകിയും കുട്ടികളും പ്രിയപ്പെട്ടവരുമെല്ലാം ഉറ്റവരെ യാത്രയക്കുന്ന സീനുകൾ ഇവിടെ പതിവാണ്. പിരിഞ്ഞുപോകാനാകാതെ നിൽക്കുന്ന അവസാന നിമിഷം ചിലവഴിക്കുന്നവർ പക്ഷെ തികഞ്ഞ ശല്യക്കാരാണെന്ന് മുദ്ര കുത്തുകയാണ് ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിൻ്റെ ചുമതലക്കാർ.

ഇവരുടെ തിരക്ക് കുറയ്ക്കാനെന്ന പേരിൽ ഇത്തരം വൈകാരിക മുഹൂർത്തങ്ങൾക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് സൗത്ത് ഐലൻഡിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം. ഒരു ആലിംഗനത്തിന് പരമാവധി മൂന്നു മിനിറ്റ് മതിയെന്നാണ് ഇവരുടെ തീരുമാനം. “പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവർക്ക് വിടവാങ്ങൽ നൽകാനായി ദയവായി കാർ പാർക്ക് ഉപയോഗിക്കുക,” വിമാനത്താവളത്തിന്റെ ഡ്രോപ്പ്-ഓഫ് സോണിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡിൽ ഇങ്ങനെ എഴുതിവച്ച് തന്നെ അറിയിപ്പ് നൽകുന്നു.

ലവ് ഹോർമോണായ ഓക്സിടോസിൻ ഉത്പാദിപ്പിക്കാൻ 20 സെക്കൻഡ് ആലിംഗനം മതിയാകുമെന്ന ഒരു പഠനം കൂടി ഉദ്ധരിച്ചാണ് എയർപോർട്ട് സിഇഒ ഡാനിയൽ ഡി ബോണോ പുതിയ നയത്തെ ന്യായീകരിച്ചത്. അതേസമയം വിമാനത്താവളത്തിന്റെ പുതിയ പരിഷ്കാരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതികരണങ്ങൾ ഉയരുന്നുണ്ട്. “മനുഷ്യരുടെ വികാരങ്ങൾക്ക് സമയപരിധിയില്ല” എന്നാണ് ഒരു ഉപഭോക്താവ് എക്സിൽ എഴുതിയത്. ഇത് മനുഷ്യരഹിതമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top