‘വിറ്റതല്ല ശ്വാസം മുട്ടിച്ച് കൊന്നതാണ്’; നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും പിടിയിൽ

ചേര്‍ത്തലയില്‍ വളര്‍ത്താന്‍ കൊടുത്തുവെന്ന് അമ്മ പറഞ്ഞ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. സംഭവത്തിൽ പള്ളിപ്പുറം സ്വദേശികളായ ആശയേയും കാമുകൻ രതീഷിനേയും പോലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ കുട്ടികളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വളർത്താൻ നൽകിയെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ പ്രസവം നടന്ന ആശുപത്രിയിൽ ചേർത്തല പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ക്രൂരകൃത്യം വെളിവായത്.
പള്ളിപ്പുറം സ്വദേശിനിയായ യുവതി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം 26നാണ് പ്രസവിച്ചത്. പിന്നാലെ ചികിത്സിക്കാന്‍ പണം ഇല്ല എന്ന കാരണം പറഞ്ഞ് ആശുപത്രിയില്‍ നിന്ന് നേരത്തെ ഡിസ്ചാര്‍ജ് വാങ്ങി യുവതി സ്വന്തം വീട്ടിലെത്തുകയായിരുന്നു. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും സുഖവിവരങ്ങൾ അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് അറിഞ്ഞത്. ഒരു കുട്ടിയെക്കൂടി വളർത്താൻ ശേഷിയില്ലാത്തതിനാൽ മറ്റൊരു ദമ്പതികൾക്ക് നൽകിയെന്നാണ് യുവതി നൽകിയ വിശദീകരണം.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഇവർക്ക് വേറെ രണ്ട് കുട്ടികളുമുണ്ട്. യുവതിയുടെ വാക്കുകൾ വിശ്വസിച്ച ആശാ വർക്കേഴ്സ് വിവരം വാർഡ് മെംബറെ അറിയിച്ചു. മുമ്പ് പറഞ്ഞത് ആവർത്തിച്ച അമ്മ കുഞ്ഞിനെ ആർക്കാണ് കൈമാറിയത് എന്ന വിവരം വെളിപ്പെടുത്തിയില്ല. തുടർന്ന് മെംബർ പോലീസിൽ അറിയിക്കുകയായിരുന്നു. അവിടെയും വളർത്താൻ നൽകിയെന്ന് ആവർത്തിച്ചു. എന്നാൽ സംശയം തോന്നിയ പോലീസുകാർ പ്രസവിച്ച ആശുപത്രിയിൽ അന്വേഷണം നടത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ള യുവതി സ്വകാര്യ ആശുപത്രിയിൽ പ്രസവ ശുശ്രൂഷ തേടിയതാണ് ദുരൂഹതയ്ക്ക് ഇടയാക്കിയത്.
യുവതി പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്നതും പ്രസവശേഷം കൂടെ നിന്നതും സുഹൃത്തായ സ്ത്രീയായിരുന്നു എന്നായിരുന്നു ആശുപത്രിയിൽ നിന്നും പോലീസിന് ബോധ്യമായത്. ഭർത്താവോ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഡിസ്ചാര്‍ജ് ചെയ്യും വരെ അവിടെ എത്തിയിട്ടില്ല എന്നും വ്യക്തമായി. തുടർന്ന് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യം വെളിവായത്.
അമ്മയുടെ രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും വീട്ടുമുറ്റത്ത് കുഴിച്ചു മൂടുകയായിരുന്നു എന്നാണ് യുവതി ചേര്‍ത്തല പോലീസിന് പിന്നീട് നല്‍കിയ മൊഴി. തുടര്‍ന്ന് ഇയാളുടെ വീടിൻ്റെ മുറ്റത്തും പരിസരത്ത് പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിൽ കുഞ്ഞിൻ്റെ ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here