4 മാസം ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു; ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതി നിലനില്‍ക്കെ മരണം; നടപടിക്കായി സമരത്തിനിറങ്ങുമെന്ന് അമ്മ

കോഴിക്കോട്: നാല് മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു. പുതുപ്പാടി ഗിരീഷ്‌- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ ആരോഗ്യം വഷളായതെന്ന ആരോപണം നിലനില്‍ക്കെയാണ് മരണം സംഭവിച്ചത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.

ബിന്ദുവിന് പ്രസവവേദന അനുഭവപ്പെട്ടതോടെ കഴിഞ്ഞ ഡിസംബറില്‍ താമരശേരി താലൂക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. കുട്ടിയുടെ തല പുറത്തേക്ക് വന്ന അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ കൃത്യമായ പരിചരണം നല്‍കിയില്ലെന്നാണ് ആരോപണം. കുട്ടി പുറത്തോട്ട് വരാതിരിക്കാന്‍ ബിന്ദുവിന്‍റെ പാവാട വലിച്ചുകീറി കെട്ടി മെഡിക്കല്‍ കൊളജിലേക്ക് വിടുകയായിരുന്നു. പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.

കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നെന്നാണ് താലൂക് ആശുപത്രി അധികൃതര്‍ പറഞ്ഞത്. താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് നവജാതശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിന്‍റെ അമ്മ ബിന്ദു, ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, എന്നിവർക്ക് പരാതി നൽകിയിരുന്നു. ഡിഎംഒയെ സമീപിച്ചിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനാല്‍ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനിടെയാണ് കുഞ്ഞ് മരിച്ചത്. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലിറങ്ങാനാണ് ബിന്ദുവിന്‍റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top