‘സവർക്കറെ ഓർമ്മപ്പെടുത്തുന്നു’; ബിജെപി സ്ഥാനാർത്ഥിയുടെ ഷൂ വിതരണത്തിനെതിരെ സോഷ്യൽ മീഡിയ

ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പോലീസ് കേസ്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ഷൂ വിതരണം ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ന്യൂഡൽഹി മണ്ഡലത്തില്‍ ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളിനെയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതിനെയും എതിരിടുന്ന സ്ഥാനാർത്ഥിയാണ് പർവേഷ് വർമ.


അഭിഭാഷകൻ രജനിഷ് ഭാസ്‌കറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തെളിവായി വീഡിയോയും ഹാജരാക്കി. ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123-ാം വകുപ്പ് അനുസരിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാർത്ഥി അല്ലെങ്കിൽ അയാളുടെ ഏജൻ്റ് ഏതെങ്കിലും തരത്തിലുള്ള സമ്മാനമോ ചട്ടം ലംഘിച്ചുള്ള വാഗ്ദാനമോ നൽകിയാൽ അഴിമതിയുടെ പരിധിയില്‍ ഉൾപ്പെടുത്തുന്ന വകുപ്പാണിത്.


അതേസമയം പർവേഷ് വർമയുടെ ഷൂവിതരണം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്. വർമയുടെ ഷൂ വിതരണം വിഡി സവർക്കറെ ഓർമ്മപ്പെടുത്തുന്നു എന്നാണ് ഉയരുന്ന പ്രധാന പരിഹാസം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം വർമ ന്യൂ ഡൽഹി നിയോജക മണ്ഡലത്തിൽ തൊഴിൽ മേളകൾ നടത്തി, ജോബ് കാർഡുകൾ വിതരണം ചെയ്തു, ആരോഗ്യ ക്യാമ്പുകൾ വഴി കണ്ണടകൾ വിതരണം ചെയ്തുവെന്നും എഎപി ആരോപിക്കുന്നു.

ബിജെപി സ്ഥാനാർത്ഥി വനിതാ വോട്ടർമാർക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടർമാരെ ആകർഷിക്കാൻ കേന്ദ്ര പദ്ധതിയായ ‘ഹർ ഘർ നൗക്രി യോജന’ (har ghar naukri yojana) ഡല്‍ഹിയില്‍ നടപ്പാക്കുമെന്ന് അവകാശപ്പെട്ടതായി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓരോ കുടുംബത്തിലെയും ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുന്നതാണ് ഹർ ഘർ നൗക്രി യോജന. സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുകയും തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അടുത്ത മാസം അഞ്ചിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളാണ് ആകെയുള്ളത്. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top