‘ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ’; കാപ്പാ പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദുവിനെ കഞ്ചാവുമായി പിടിച്ചു
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി ഉള്‍പ്പടെ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ ഒരാളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് – ബിജെപി ബന്ധമുള്ളവര്‍ കാപ്പ പ്രതി ഇഡ്ഡലി ശരണ്‍ എന്ന ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. അതിലൊരാളായ മൈലാടുംപാറ സ്വദേശി യദു കൃഷ്ണനെയാണ് കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടിയത്. കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്റ നേതൃത്വത്തിലാണ് 63പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരണിന്റെ പാര്‍ട്ടി പ്രവേശം. പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച കുമ്പഴയില്‍ നടന്ന സമ്മേളനത്തിലാണ് ഇവര്‍ക്കെല്ലാം അംഗത്വം കൊടുത്തത്. മന്ത്രി വീണാ ജോര്‍ജിനെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് പാര്‍ട്ടിയിലേക്ക് വന്നതെന്നായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ന്യായീകരണം. അതുകൊണ്ടാണ് അവര്‍ ചെങ്കൊടിയേന്താന്‍ തയാറായത്. ബി.ജെ.പിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. ഇവരടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും മന്ത്രി വീണ അന്ന് പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഗുണ്ടകളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊന്നും വക വെക്കാതെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വരവേറ്റത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here