ഇന്ദുജയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍; കൊലപാതകമെന്ന് കുടുംബം; നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ആവശ്യം
തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ട നവവധു ഇന്ദുജയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍. കവിളിലും തോളിലുമാണ് മര്‍ദനത്തിന്റെ പാടുകള്‍ ഉള്ളത്. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മര്‍ദനത്തിന് തെളിവുകള്‍ ലഭിച്ചത്.
Also Read: പാലോടിലെ നവവധുവിൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവ് കസ്റ്റഡിയിൽ
യുവതിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അഭിജിത്ത് പോലീസ് കസ്റ്റഡിയിലാണ്. മകളുടെ മരണം ആത്മഹത്യയല്ല കൊലപാതകം ആണെന്ന് പിതാവ് ശശിധരന്‍ കാണി ആരോപിച്ചു. സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ ഷിനുവും പറഞ്ഞു. കൊലപാതകത്തിന് കേസ് എടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും വിവാഹിതരായത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. വീട്ടില്‍ നിന്നും അഭിജിത്ത് വിളിച്ചിറക്കിയശേഷം ക്ഷേത്രത്തില്‍ എത്തി താലി ചാര്‍ത്തി വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വീട്ടുകാരുമായി വിവാഹശേഷം യുവതി അകലുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാന്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത് എന്നാണ് അഭിജിത്തിന്റെ മൊഴി. ഈ സമയം അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here