ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്‌ഥയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിൽ

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്‌ഥയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിൽ. യുഎപിഎ നിയമപ്രകാരമാണ് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസ് പ്രതക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 37 പുരുഷന്മാരെയും 9 സ്ത്രീകളെയും ചൊവാഴ്ച ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തിരച്ചിൽ നടത്തിയതായും ഡല്‍ഹി പോലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് സ്ഥാപനത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയും ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയത്.
കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുർകായസ്‌ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അറസ്റ്റിലായ പ്രബീര്‍ പുർകായസ്‌ഥയ്ക്ക് പുറമേ അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിംഗ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടേയും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടേയും വസതികളിലും റെയ്ഡ് നടത്തിയിരുന്നു. പലരുടേയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇന്ത്യയിൽ ചൈന അനുകൂല പ്രചരണത്തിനായി യുഎസ് കോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്ന ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here