ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത: ഹെന്റി ഒലോങ്ക

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാര്‍ത്ത വ്യാജം. ബുധനാഴ്ച രാവിലെയോടെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഈ വാർത്തകൾ നിഷേധിച്ച് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക രംഗത്ത് എത്തി.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടിട്ടില്ലെന്ന സ്ഥിരീകരണം ഹെന്റി ഒലോങ്ക ആരാധകരുമായി പങ്കുവെച്ചത്. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഒലോങ്കയുടെ പുതിയ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.

ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുമ്പ് സംസാരിച്ചു. തേഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ഓലോങ്കയുടെ ട്വീറ്റ് .

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ്.

അര്‍ബുദത്തെ തുടർന്ന് 49കാരനായ സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 200-ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം, റണ്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്വെയുടെ പരിശീലകനായിരുന്നു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top