പിണറായി-ഇപി വധശ്രമ ഗൂഡാലോചനയിൽ കെ.സുധാകരൻ്റെ സംഘത്തിലെ മൂന്നാമനാര്? തോക്ക് എത്തിച്ച ഈ ഘടകകക്ഷി പ്രമുഖൻ പക്ഷെ കേസിൽപെട്ടില്ല

കേരളത്തിലെ അക്രമരാഷ്ട്രിയത്തിൻ്റെ ഏടുകളിൽ സുപ്രധാനമായതാണ് 1995ൽ ഇ.പി.ജയരാജനെതിരെ ആന്ധ്രപ്രദേശിൽ ട്രെയിനിലുണ്ടായ വെടിവയ്പ്. ചണ്ഡീഗഡിൽ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരും ഈ സമയം ഇതേ ട്രെയിനിൽ ഉണ്ടായിരുന്നു. ഇവരെയും അക്രമിസംഘം ലക്ഷ്യമിട്ടിരുന്നു എന്ന വിവരം രേഖകൾ സഹിതം മാധ്യമ സിൻഡിക്കറ്റാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സിപിഎം മുഖപത്രം അടക്കം ഈ വിവരം ഏറ്റെടുത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രപ്രദേശിൽ റജിസ്റ്റർ ചെയ്ത കേസിൽ, ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന ഉൾപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞാണ് കെ.സുധാകരനെയും എം.വി.രാഘവനെയും പ്രതിചേർത്ത് തിരുവനന്തപുരം തമ്പാനൂർ പോലീസ് പുതിയ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒരേ കുറ്റകൃത്യത്തിൽ രണ്ടുകേസ് നിലനിൽക്കില്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേസ് ഈയിടെ ഹൈക്കോടതി റദ്ദാക്കിയതോടെ സർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുപ്പത് വർഷത്തോളം പഴക്കമുള്ള മൊഴിപകർപ്പുകൾ അടക്കം രേഖകൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.

ALSO READ: പിണറായിയെയും വധിക്കാൻ പദ്ധതിയിട്ടു; ഇപിയെ വെടിവച്ചിടാൻ സുധാകരൻ നിയോഗിച്ച കില്ലർ സ്ക്വാഡിൻ്റെ ഹിറ്റ്ലിസ്റ്റിൽ മൂന്നുപേർ

ഇ.പി.ജയരാജനെതിരായ വധശ്രമാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇതേ ‘കില്ലർ സ്ക്വാഡ്’ പിണറായിയെയും കോടിയേരിയെയും ലക്ഷ്യമിട്ടിരുന്നു എന്ന വസ്തുത ഇതാദ്യമായാണ് ഇത്ര വ്യക്തതയോടെ പൊതുമധ്യത്തിലേക്ക് വരുന്നത്. വെടിവച്ച വിക്രംചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരെ നിയോഗിച്ചത് കെ.സുധാകരൻ ആണെന്ന് വ്യക്തമായി പറഞ്ഞാണ് ശശി 1995 ഏപ്രിൽ 12ന് മദ്രാസ് റെയിൽവേ പോലീസിന് മൊഴി നൽകിയത്. ഇപിയെ വെടിവച്ച ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് ചാടിരക്ഷപെട്ട ശശി അന്നുതന്നെ മദ്രാസിൽ പിടിയിലായ ഉടൻ രേഖപ്പെടുത്തിയ മൊഴിയാണിത്. നാല് തോക്കും പണവും നൽകിയത് സുധാകരനാണ്. ഒപ്പം എം.വി.രാഘവനും ഉണ്ടായിരുന്നു എന്നിങ്ങനെ പറയുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ഗൂഡാലോചനക്ക് പുതിയ കേസെടുത്ത് ഇരുവരെയും പ്രതിചേർത്തത്.

ALSO READ: ‘ഇപിയെ വെടിവയ്ക്കാൻ തോക്ക് നൽകിയത് സുധാകരൻ’; കേസ് സുപ്രീം കോടതിയിലേക്ക് എത്തുമ്പോൾ നിർണായക മൊഴികൾ പുറത്ത്

സുധാകരൻ്റെ സന്തതസഹചാരിയായിരുന്ന ടി.പി.രാജീവൻ്റേതാണ് മറ്റൊരു നിർണായക മൊഴി. ഇതിലാണ് കെ.സുധാകരനെയും എം.വി.രാഘവനെയും കൂടാതെ മൂന്നാമതൊരു നേതാവിൻ്റെ പങ്ക് വെളിപ്പെടുത്തുന്നത്. കണ്ണൂരിലെ അക്രമരാഷ്ട്രിയത്തിന് അറുതി വരുത്താൻ സിപിഎം നേതൃത്വത്തിലെ ആരെയെങ്കിലും കൊല്ലണമെന്ന ആലോചനകളുടെ തുടക്കം മുതൽ ഘടകകക്ഷിയുടെ ഈ സംസ്ഥാന നേതാവും ഉണ്ടായിരുന്നു. വെടിവയ്ക്കാൻ സുധാകരൻ ഏർപ്പാടാക്കിയ ശശി ‘അതിന് ഫിറ്റാണോ’ എന്ന് ഈ നേതാവ് തന്നോട് ചോദിച്ചു എന്നാണ് രാജീവൻ പറയുന്നത്. പിന്നാലെ അദ്ദേഹം ഒരു റിവോൾവർ എത്തിച്ചുനൽകി. അതിന് ചില പ്രശ്നങ്ങൾ ഉണ്ടായതിനാൽ മറ്റ് മൂന്നെണ്ണം കൂടി സംഘടിപ്പിച്ചാണ് ശശിയെയും ദിനേശനെയും ഡൽഹിക്ക് അയച്ചത്. കൂടാതെ ഇതേ നേതാവ് ഈ ഓപ്പറേഷൻ്റെ ആവശ്യത്തിലേക്കായി സുധാകരന് പണം എത്തിച്ച് നൽകി. “നൂറുരൂപയുടെ ബണ്ടിൽ കൊടുക്കുന്നതും സുധാകരൻ ഇത് ശശിയെ ഏൽപിക്കുന്നതും ഞാൻ കണ്ടു”- ഇങ്ങനെയാണ് രാജീവൻ്റെ മൊഴി.

11 പേജുള്ള രാജീവൻ്റെ മൊഴിയിൽ തുടക്കം മുതൽ ഒടുക്കം വരെ ഏതാണ്ടെല്ലാ പേജിലും ഈ ഘടകകക്ഷി പ്രമുഖൻ്റെ പേരുണ്ട്. സാമ്പത്തിക സഹായം മുതൽ തോക്ക് എത്തിക്കാൻ വരെ സജീവമായി പങ്കെടുത്ത ഇയാളെ തുടക്കത്തിൽ മൂന്നാം പ്രതിയായി ചേർത്തെങ്കിലും കുറ്റപത്രം കൊടുക്കുമ്പോൾ പോലീസ് ഒഴിവാക്കി. തെളിവ് ഇല്ലാത്തതിനാൽ ഒഴിവാക്കുന്നു എന്ന് മാത്രമാണ് കുറ്റപത്രത്തിലെ പരാമർശം. തിരുവനന്തപുരത്തെ സർക്കാർ ഗസ്റ്റ് ഹൌസിലടക്കം നടന്ന കൂടിയാലോചനകളിൽ എല്ലാത്തിലും പങ്കാളിയായിരുന്ന ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിന് ഈയൊരു സാക്ഷിമൊഴിയല്ലാതെ വേറെയും തെളിവുകൾ കിട്ടിയിരുന്നു എന്നാണ് വിവരം. വെടിവയ്പിൽ ഇപി ജയരാജൻ കൊല്ലപ്പെട്ടില്ല എന്ന വിവരമറിഞ്ഞ് സുധാകരനും ഇദ്ദേഹവും ‘തളർന്നുപോയെന്നും’ മൊഴിയുടെ അവസാനഭാഗത്ത് ടി.പി.രാജീവൻ പറഞ്ഞിട്ടുണ്ട്.

ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ആളെന്ന നിലയിൽ ഇടതുപക്ഷത്ത് സജീവ ബന്ധങ്ങളുള്ള നേതാവാണ് സുധാകരനുമായി ചേർന്ന് സിപിഎമ്മിൻ്റെ സമുന്നത നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടത്. ബുദ്ധിജീവി പരിവേഷവുമുള്ള ഇദ്ദേഹം സിപിഎമ്മിൻ്റെ ഉന്നത നേതൃത്വവുമായെല്ലാം അടുത്തബന്ധം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ പോലീസിൽ നിന്ന് ഈ വിവരം കിട്ടിയപ്പോൾ സിപിഎം കേന്ദ്രങ്ങളിൽ അക്കാലത്ത് വല്ലാത്ത ഞെട്ടൽ ഉണ്ടായി. വാർത്തകളിലൂടെയും മറ്റും ഇദ്ദേഹത്തിൻ്റെ പേര് പരസ്യമാകുന്നതിന് അന്നേ തടയിട്ടിരുന്നു എന്നാണ് അറിയുന്നത്. ഏതായാലും ഈ പരിഗണന തന്നെയാണ് കേസിൻ്റെ കാര്യത്തിൽ ഇദ്ദേഹത്തിന് തുണയായതെന്ന് അന്നും ഇന്നും വിശ്വസിക്കുന്നവരുണ്ട്. (പോലീസ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ പേര് എന്ന നിലയിൽ മാധ്യമ സിൻഡിക്കറ്റും അത് പരസ്യപ്പെടുത്തുന്നില്ല.)

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top